അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമ കേസിൽ വെട്ടിലായി അന്വേഷണ സംഘം 

prajwal

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണക്കെതിരെയും പിതാവ് എച്ച്‌ ഡി രേവണ്ണക്കെതിരെയും ഉയർന്ന ലൈംഗികാതിക്രമക്കേസില്‍ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാവാതെ പ്രത്യേക അന്വേഷണ സംഘം.

ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇതുവരെ ജർമനിയില്‍ നിന്ന് പ്രജ്വല്‍ തിരിച്ചെത്തിയില്ല.

ഏപ്രില്‍ 27ന് രാജ്യം വിടുമ്പോള്‍ പ്രജ്വല്‍ മേയ് 15നുള്ള മടക്ക ടിക്കറ്റ് കൂടി ബുക്ക് ചെയ്തിരുന്നു.

എന്നാല്‍ പ്രജ്വല്‍ ടിക്കറ്റ് റദ്ദാക്കിയതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

പ്രജ്വലിന്റെ വരവ് പ്രതീക്ഷിച്ചു രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നല്‍കുകയും കർണാടകയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പോലീസ് സന്നാഹം നിലയുറപ്പിക്കുകയും ചെയ്തിരുന്നു.

ജെഡിഎസ് അധ്യക്ഷൻ എച്ച്‌ ഡി കുമാരസ്വാമിയുടെ നിർദേശപ്രകാരം പ്രജ്വല്‍ മേയ് ഏഴിന് ശേഷം കീഴടങ്ങുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും സഖ്യകക്ഷിയായ ബിജെപിയുടെ ദേശീയ നേതാക്കളുടെ ഇടപെടലോടെ യാത്ര മേയ് 15ലേക്ക് നീട്ടുകയായിരുന്നു.

അറസ്റ്റിലായാലും എളുപ്പത്തില്‍ ജാമ്യം കിട്ടാനുള്ള സാധ്യത ഉറപ്പിച്ച ശേഷമാകും പ്രജ്വല്‍ ഇനി കർണാടകയിലേക്ക് എത്തുക എന്നാണ് നിഗമനം.

സമാന കേസില്‍ അറസ്റ്റിലായ രേവണ്ണക്ക് ജാമ്യം ലഭിച്ചാല്‍ മാത്രമേ തിരികെ വരുന്ന കാര്യം തീരുമാനിക്കാവൂ എന്നാണ് പ്രജ്വലിനു ലഭിച്ചിരിക്കുന്ന നിയമോപദേശം.

നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ പ്രജ്വലിനെ വിദേശത്തു ചെന്ന് അറസ്റ്റു ചെയ്തു കൊണ്ട് വരാൻ സാധിക്കില്ല.

അതിനാല്‍ കർണാടക പോലീസ് ഇതിനു ശ്രമിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യക്തമാക്കിയത്.

ഇതിനിടയില്‍ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ അടങ്ങിയ പെൻഡ്രൈവ് സൂക്ഷിച്ചതിനു രണ്ടു ബിജെപി നേതാക്കളെ അന്വേഷണസംഘം അറസ്റ്റു ചെയ്തു.

ദൃശ്യങ്ങള്‍ ചോർത്തി പെൻഡ്രൈവിലാക്കി ഹാസൻ മണ്ഡലത്തില്‍ വോട്ടെടുപ്പ് ദിവസത്തിന് മുന്നോടിയയായി പ്രചരിപ്പിച്ച ബിജെപി നേതാവ് ദേവരാജ് ഗൗഡ നേരത്തെ അറസ്റ്റിലായിരുന്നു.

പ്രജ്വലിന്റെ ഡ്രൈവർ കാർത്തിക് റെഡ്ഢി കേസിന്റെ ഭാഗമായി ഇദ്ദേഹത്തെയായിരുന്നു പെൻഡ്രൈവ് ഏല്‍പ്പിച്ചത് .

അതേസമയം, കേസിനെ തള്ളി പറഞ്ഞു കൊണ്ട് അതിജീവിതയുടെ മൊഴി പുറത്തു വന്നതും അന്വേഷണ സംഘത്തെ വെട്ടിലാക്കുകയാണ്.

പ്രജ്വലിനാല്‍ ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീയയെ ഒരു സംഘം തട്ടികൊണ്ടു പോയെന്ന കേസിലാണ് എച്ച്‌ഡി രേവണ്ണയുടെ അറസ്റ്റുണ്ടായത്.

എന്നാല്‍ തന്നെ ആരും തട്ടി കൊണ്ട് പോയിട്ടില്ലെന്നും പരാതി വ്യാജമാണെന്നും വെളിപ്പെടുത്തി വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അതിജീവിത.

ഇവരുടെ മകൻ മൈസൂരുവില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഇവരെ ബംഗളുരുവില്‍ നിന്ന് കണ്ടെത്തി മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഈ മൊഴി നിയമപരമായി മാറ്റി പറയാനാവില്ല എന്നിരിക്കെയാണ് അതിജീവിത പരസ്യമായി രംഗത്തു വന്നത്.

അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടന്ന രേവണ്ണയുടെ അറസ്റ്റ് ഇപ്പോള്‍ ചോദ്യ ചിഹ്നമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us