ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ശിവമൊഗ്ഗ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും ബി.ജെ.പി വിമതനുമായ കെ.എസ്.ഈശ്വരപ്പ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ ബി.ജെ.പി പരാതി.
മോദിയുടെ ചിത്രം ബി.ജെ.പി സ്ഥാനാർഥികള്‍ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും മറ്റുള്ളവർ ഉപയോഗിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ 29ാം വകുപ്പിന്റെ ലംഘനമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയെ രൂക്ഷമായി വിമർശിച്ച് വിമത സ്ഥാനാർഥി കെ.എസ്. ഈശ്വരപ്പ രംഗത്തുവന്നു.
ശിക്കാരിപുരയില്‍ നിന്ന് അച്ഛനെയും മകനെയും പുറത്താക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു.
ബി.എസ്. യെദിയൂരപ്പയെയും മകൻ ബി.വൈ. വിജയേന്ദ്രയെയും സൂചിപ്പിച്ചായിരുന്നു ഈശ്വരപ്പയുടെ പ്രസ്താവന.
വിജയേന്ദ്രയുടെ വിഡ്ഢിത്ത പ്രസ്താവനകള്‍ ഞാൻ വിലവെക്കുന്നില്ല.
സംസ്ഥാന പ്രസിഡന്റാകാൻ നിങ്ങള്‍ക്ക് യോഗ്യതയില്ല.
40 വർഷം പാർട്ടിക്കുവേണ്ടി ഞാൻ കഠിനമായി പ്രയത്നിച്ചു.
നിങ്ങള്‍ അച്ഛന്റെ സഹായത്താല്‍ പ്രസിഡന്റായ ആളാണ്.
ഇത്തരത്തില്‍ സംസാരിക്കാൻ നിങ്ങള്‍ക്ക് യോഗ്യതയില്ല.
എന്റെ സംഭാവനകള്‍ എന്താണെന്ന് ശിവമൊഗ്ഗയിലെ ജനങ്ങള്‍ക്കറിയാം.
ശിക്കാരിപുര നിയോജക മണ്ഡലത്തില്‍ ഭൂരിപക്ഷം 60,000ത്തില്‍ നിന്ന് 10,000ത്തിലേക്ക് താഴ്ന്നു.
നിങ്ങളെന്താണ് പാർട്ടിക്കുവേണ്ടി ചെയ്തത്? ഇപ്പോഴും ഒരു അനുഭവസമ്പത്തുമില്ലാത്തയാളാണ് നിങ്ങള്‍.
എന്നെ വിമർശിക്കാൻ നിങ്ങള്‍ക്ക് യോഗ്യതയില്ല- വിജയേന്ദ്രയെ ലക്ഷ്യമിട്ട് ഈശ്വരപ്പ പറഞ്ഞു.
ഈശ്വരപ്പക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന വിജയേന്ദ്രയുടെ മുന്നറിയിപ്പിനെ തള്ളിയ ഈശ്വരപ്പ, അത്തരം ഭീഷണിയില്‍ ഭയമില്ലെന്നും ജനം തന്നോടൊപ്പമുണ്ടെന്നും പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.