ബെംഗളൂരു: കേരളത്തിലേക്ക് ഡബിൾ ഡക്കർ ട്രെയിൻ എത്തുന്നു. കോയമ്പത്തൂർ – കെഎസ്ആർ ബെംഗളൂരു ഉദയ് എക്സപ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായ പരീക്ഷണയോട്ടം ഇന്ന് നടക്കും.
ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിൾ ഡക്കർ എസി ചെയർകാർ ആണ് കോയമ്പത്തൂർ – കെഎസ്ആർ ബെംഗളൂരു ഉദയ് എക്സപ്രസ്.
കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പൊള്ളാച്ചി വഴിയാണ് പരീക്ഷണയോട്ടം നടത്തുക.
രാവിലെ എട്ടിന് ട്രെയിൻ കോയമ്പത്തൂരിൽനിന്ന് പുറപ്പെടും. 10:45ന് പാലക്കാട് ടൗൺ സ്റ്റേഷനിൽ എത്തിച്ചേരും. 11:05ന് പാലക്കാട് ജങ്ഷനിൽ എത്തും. 11:35ന് ട്രെയിൻ മടങ്ങും. 2:40ന് കോയമ്പത്തൂരിൽ എത്തും.
അടുത്തിടെയാണ് പൊള്ളാച്ചി പാത നവീകരിച്ചു വൈദ്യുതീകരണം പൂർത്തിയാക്കിയത്.
പാതയിൽ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിന് പരിഹാരം കൂടിയാണ് ഡബിൾ ഡക്കർ ട്രെയിനിൻ്റെ വരവ്.
ബുധനാഴ്ച ഉദയ് ട്രെയിനുകൾ ഇല്ലാത്തതിനാലാണ് ഈ ദിവസം പരീക്ഷണയോട്ടത്തിന് തിരഞ്ഞെടുത്തത്.
സേലം, പാലക്കാട് ഡിവിഷനുകളുടെ നേതൃത്വത്തിലാണ് പരീക്ഷണയോട്ടം.
അതേസമയം ഡബിൾ ഡക്കർ ട്രെയിൻ പൊള്ളാച്ചി, കിണത്തുകടവ് വഴി പളനിയിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാണ്.
കിണത്തുകടവ് സ്വദേശികളായ ഐടി ജീവനക്കാരും പൊള്ളാച്ചിയിലെ വ്യവസായികളും സമാന ആവശ്യം ഉന്നയിക്കുന്നുണ്ട്. ട്രെയിൻ പൊള്ളാച്ചി, കിണത്തുകടവ് വഴി പളനിയിലേക്ക് നീട്ടിയാൽ ബെംഗളൂരുവിലേക്കുള്ള യാത്ര സുഗമമാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ ബെംഗളൂരുവിലേക്ക് നേരിട്ട് ട്രെയിനില്ലാത്തതിനാൽ പൊള്ളാച്ചി, ഉദുമൽപേട്ട്, പളനി എന്നിവിടങ്ങളിൽ നിന്നുള്ളവർ ബെംഗളൂരു യാത്രയ്ക്കായി കോയമ്പത്തൂർ, തിരുപ്പുർ, ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്.
പാലക്കാട്ടേക്ക് ട്രെയിൻ നീട്ടാനുള്ള തീരുമാനത്തിനെതിരെ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള പാസഞ്ചർ അസോസിയേഷൻ്റെ കടുത്ത എതിർപ്പുണ്ട്.
ട്രെയിൻ പൊള്ളാച്ചി വഴി പളനിയിലേക്ക് നീട്ടണമെന്നാണ് ഇവരുടെയും ആവശ്യം. പാലക്കാട് നിന്ന് പ്രതിദിനം അഞ്ചു ട്രെയിൻ ബെംഗളൂരുവിലേക്ക് ഓടുമ്പോൾ പുതിയൊരു ട്രെയിനിൻ്റെ ആവശ്യമില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ പളനി, ഉദുമൽപേട്ട് എന്നിവിടങ്ങളിൽനിന്ന് ബെംഗളൂരു ട്രെയിൻ ഇല്ലെന്നും ഇവർ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.