ബെംഗളൂരു: വൈറ്റ്ഫീൽഡ് സേക്രഡ് ഹാർട്ട് ചർച്ചിൻ്റെ നേതൃത്വത്തിൽ നാല് ഭാഷകളിൽ ബൈബിളിൻ്റെ കൈയെഴുത്തു പ്രതികൾ തയ്യാറാക്കിയത് ശ്രദ്ധേയമാകുന്നു.
ഇടവകയിലെ 150 ഓളം ആളുകൾ ചേർന്നാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട എന്നീ ഭാഷകളിൽ ബൈബിളിൻ്റെ 7 കൈയെഴുത്തു പ്രതികൾ തയ്യാറാക്കിയത്.
ഇടവകയിലെ പ്രായ ഭേദമന്യേ, 10 വയസുള്ള കുട്ടികൾ മുതൽ 75 വയസ് വരെയുള്ള ആളുകൾ വരെ ഈ കൈയെഴുത്തു പ്രതികളുടെ ഭാഗമായി.
കൈകൊണ്ട് ബൈബിൾ എഴുതുന്നതു പവിത്രവും രൂപാന്തരപ്പെടുത്തുന്നതുമായ ഒരു അനുഭവമാണ് എന്ന വിശ്വാസത്തിലാണ് ഈ പ്രചോദനാത്മകമായ സംരംഭം വേരൂന്നിയിരിക്കുന്നത്.
ഇതിൽ പങ്കെടുത്തവർക്ക്, അഗാധവും വ്യക്തിപരവുമായ രീതിയിൽ ദൈവവചനവുമായി ഇടപഴകാൻ സാഹചര്യമൊരുങ്ങുകയും,
കൂട്ടായ്മയുടെയും ഐക്യദാർഢ്യത്തിൻ്റെയും ശാശ്വതമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുവാൻ സഹായിക്കുകയും ചെയ്തതായി പള്ളി വികാരി Fr. മാർട്ടിൻ തട്ടാപറമ്പിൽ അറിയിച്ചു.
ഫെബ്രുവരി 15 ന് “Scriptura” എന്ന പേരിൽ ആരംഭിച്ച ഈ വചനമെഴുത്ത് ഇരുപത്തിനാല് ദിവസങ്ങൾ കൊണ്ട് 150 ഓളം വരുന്ന ഇടവകാംഗങ്ങൾ ഒരു ലക്ഷത്തിലധികം ബൈബിൾ വാക്യങ്ങൾ എഴുതിയാണ് കൈയെഴുത്തു പ്രതികൾ പൂർത്തികരിച്ചത്.
സമ്പൂർണ ബൈബിളിൻ്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഓരോ കൈയെഴുത്തു പ്രതികൾ വീതവും മലയാളം പഴയനിയമം ഒരു കൈയെഴുത്തുപ്രതിയും ബൈബിൾ പുതിയ നിയമത്തിൻ്റെ മലയാളത്തിലും, ഇംഗ്ലീഷിലും, ഹിന്ദിയിലും കന്നടയിലുമുള്ള ഓരോ കൈയെഴുത്തു പ്രതിയുമാണ് തയ്യാറാക്കിയത്.
ബൈന്ഡ് ചെയ്ത് പുസ്തകരൂപത്തിലാക്കിയ ഓരോ സമ്പൂർണ ബൈബിളിനും പത്ത് കിലോയുടെയടുത്ത് ഭാരമുണ്ട്.
ബൈബിളിൻ്റെ ഏഴ് കൈയെഴുത്തു പ്രതികളും മണ്ഡ്യ രൂപതാദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവ് ഓശാന ഞായറാഴ്ച കുർബാന മധ്യേ ആശീർവദിച്ചു.
ഇടവകാംഗങ്ങളായ ഗ്ലാഡ്സൺ ആൻ്റോ, സാൻജോ ചാക്കോ, നിമ്മി ബൈജു, ജൂലി ഗ്ലാഡ്സൺ, നിധിൻ ജോയി, മനു ജോസ്, ജിൽസി ലിജോ, തോമസ് അബ്രഹാം എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.