ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വർണ-വജ്ര ആഭരണങ്ങൾ തമിഴ്നാട് സർക്കാരിന് വിട്ടുനൽകാൻ ബെംഗളൂരുവിലെ സി.ബി.ഐ. പ്രത്യേക കോടതി ഉത്തരവിട്ടു.
ആഭരണങ്ങളുടെമേൽ തമിഴ്നാട് സർക്കാർ തുടർനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ജയലളിതയുടെ പേരിലുള്ള കേസ് നടത്തിയതിന്റെ ചെലവിനത്തിൽ കർണാടക സർക്കാരിന് തമിഴ്നാട് അഞ്ചുകോടി രൂപ നൽകാനും കോടതി ഉത്തരവിട്ടു.
ഈ തുക എസ്.ബി.ഐ. ചെന്നൈ ശാഖയിൽ ജയലളിതയുമായി ബന്ധപ്പെട്ട സ്ഥിരനിക്ഷേപത്തിൽ നിന്ന് നൽകണമെന്നും നിർദേശിച്ചു.
പ്രത്യേക കോടതി ജഡ്ജി എച്ച്.എ. മോഹന്റേതാണ് ഉത്തരവ്.
ബെംഗളൂരുവിലെ സർക്കാർ ട്രഷറിയിൽ സൂക്ഷിച്ച ആഭരണങ്ങൾ ലേലംചെയ്ത് കേസ് നടത്താൻ ചെലവായ തുക ഈടാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവർത്തകൻ ടി. നരസിംഹമൂർത്തി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് വിധി.
ആഭരണങ്ങൾ അവകാശപ്പെട്ട് ജയലളിതയുടെ സഹോദരൻ ജയരാമന്റെ മക്കളായ ജെ. ദീപയും ജെ. ദീപക്കും നൽകിയ ഹർജി കോടതി നേരത്തേ തള്ളിയിരുന്നു.
സർക്കാർ പിടിച്ചെടുത്തവയായതിനാൽ ഇവ ജയലളിതയ്ക്ക് അവകാശപ്പെടാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.
ജയലളിതയുടെ വസതിയായ ചെന്നൈയിലെ പോയസ് ഗാർഡൻ ദീപയുടെയും ദീപക്കിന്റെയും കൈവശത്തിലാണ്.
2014 സെപ്റ്റംബർ 27-നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതയെ നാലുവർഷം തടവിനും നൂറുകോടിരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.