ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയിലെ ബല്ലൂരു ഹുണ്ടിയിൽ നാല്പത്തിയൊമ്പതുകാരിയെ കൊന്ന കടുവയെ വനംവകുപ്പ് കൂടുവെച്ച് പിടികൂടി.
മൂന്നുദിവസംനീണ്ട പരിശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച പുലർച്ചെ കല്ലാരകണ്ടിയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
10 വയസ്സായ ആൺകടുവയാണ് പിടിയിലായതെന്നും ഇതിനെ മൈസൂരുവിലെ ചാമുണ്ഡേശ്വരി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രാമത്തിലെ വയലിൽ ജോലിചെയ്യുന്നതിനിടെ രത്നമ്മ(49)യെ കടുവ ആക്രമിച്ചത്.
ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ബഹളംവെച്ചതോടെ കടുവ രത്നമ്മയുമായി ഉൾക്കാട്ടിലേക്ക് കടന്നു.
പിന്നീട് രണ്ടുകിലോമീറ്റർ അകലെയുള്ള വനത്തിൽനിന്നാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.
ശനിയാഴ്ച രാവിലെമുതൽ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച് കടുവയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിരുന്നു.
ഇതിനിടെ ഞായറാഴ്ച സമീപഗ്രാമമായ കല്ലാരകണ്ടിയിൽ കടുവ ആടിനെ ആക്രമിച്ചു.
ഇതോടെ സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു.
നേരത്തേയും പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ ഗ്രാമവാസികൾക്ക് പരിക്കേറ്റിട്ടുണ്ട്.
എന്നാൽ, പിടിയിലായ കടുവയാണോ മുമ്പ് ഗ്രാമത്തിലിറങ്ങിയിരുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ബെംഗളൂരുവിന് സമീപത്തെ കനകപുരയിൽ ജനവാസമേഖലയിലിറങ്ങിയ പുലിയെയും കഴിഞ്ഞദിവസം വനംവകുപ്പ് പിടികൂടിയിരുന്നു. ഈ പുലിയെ പിന്നീട് ഉൾക്കാട്ടിൽ തുറന്നുവിട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.