കർണാടകയിലെ ഏറ്റവും ഭാഗ്യവാനായ രാഷ്ട്രീയക്കാരൻ! ബീഫ് കഴിക്കുമെന്ന് ഉറക്കെ വിളിച്ചു പറയാൻ ധൈര്യം കാട്ടിയ തൻ്റേടി! അവിശ്വസി;”ട്രെബിൾ ഷൂട്ടറെ”മലർത്തിയടിച്ച കുശാഗ്രബുദ്ധി!

ബെംഗളൂരു : കർണാടക രാഷ്ട്രീയത്തിലെ ഏറ്റവും ഭാഗ്യവാനായ രാഷ്ട്രീയക്കാരൻ ആരാണെന്ന് ചോദിച്ചാൽ അത് മൈസൂരുവിലെ സിദ്ധരാമന ഗുണ്ടി എന്ന ഗ്രാമത്തിൽ ജനിച്ച സിദ്ധരാമയല്ലാതെ മറ്റാരുമല്ല എന്ന് തന്നെ പറയേണ്ടി വരും, ഇത് മുഴുവൻ വായിച്ചാൽ നിങ്ങളും അത് അംഗീകരിക്കും.

വളരെ കഷ്ടപ്പെട്ട ഒരു ബാല്യകാലം കടന്ന് നിയമ ബിരുദവും നേടിയ സിദ്ധു രാഷ്ട്രീയ ത്തിലേക്ക് കടന്നതിന് ശേഷം ലോക്ദൾ, ജനതാ പാർട്ടി, ജനതാദൾ, ജെഡി എസ് എന്നീ രാഷ്ടീയ പാർട്ടികളിൽ സാഹചര്യകൾക്ക് അനുസരിച്ച് അംഗമായിട്ടുണ്ട്.

ധരംസിംഗിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്- ജനതാദൾ മന്ത്രിസഭയിൽ കുറച്ച് കാലം ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ചിരുന്നു.

2005 ൽ ദേവഗൗഡയുമായി തെറ്റി പാർട്ടിയിൽ നിന്ന് പുറത്തായി, കയറിച്ചെന്ന കോൺഗ്രസ് പാർട്ടിയിൽ 2013 ൽ മുഖ്യമന്ത്രി!

അതിലും ഒരു കഥയുണ്ട്, ഈ വർഷത്തേ പോലെ മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കാൻ 2013 തെരഞ്ഞെടുപ്പിന് മുൻപും സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു ഇതെൻ്റെ അവസാനത്തെ തെരഞ്ഞെടുപ്പ് ആണ് എന്ന്, മാത്രമല്ല കെ.പി.സി.സി. അധ്യക്ഷനും പാർട്ടി ജയിച്ചാൽ മുഖ്യമന്ത്രിയാ?വേണ്ട ആളുമായ ഡോ: ജി.പരമേശ്വര തൻ്റെ വിശ്വസ്ഥമായ കൊരട്ടെഗരെ മണ്ഡലത്തിൽ പരാജയപ്പെടുന്നു, സിദ്ധരാമയ്യ കാലുവാരി എന്ന് ദോഷൈക ദൃക്കുകൾ പറയുന്നു, അവസാനം വെറും 6 വർഷം മുൻപ് പാർട്ടിയിലെത്തിയ സിദ്ധരാമയ്യ മുഖ്യമന്ത്രി എന്ന് മുൾക്കിരീടം ഏറ്റെടുക്കാൻ നിർബന്ധിതമാകുന്നു!

കർണാടകയിലെ ഒരു വിധപ്പെട്ട രാഷ്ട്രീയക്കാർ എല്ലാം ദൈവ വിശ്വാസികളാണ്, അത് തുറന്നുകാരിക്കുന്ന മതചിഹ്നങ്ങൾ അണിയാനും പൂജകളിലും മറ്റും പങ്കെടുക്കാനും അവർക്കാർക്കും മടിയൊന്നുമില്ല, ഓർക്കണം കർണാടകയോട്ട് അടുത്തു കിടക്കുന്ന കേരളത്തിലെ മണ്ഡലങ്ങളിൽ ജയിച്ച് കയറാൻ വർഷങ്ങളായി നെറ്റിയിലണിയുന്ന ചന്ദനക്കുറി മായ്ക്കുന്ന നേതാക്കളാണ് നമുക്ക് ഉള്ളതെന്നറിയണം, എന്നാൽ താൻ ഒരു അവിശ്വാസിയാണെന്ന് തുറന്ന് പറയാൻ സിദ്ധരാമയ്യ ഒരു മടിയും കാണിച്ചിട്ടില്ല.

ബീഫും ഗോമാതാവും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഗതി വിഗതികൾ നിർണയിക്കുന്ന ഒരു കാലത്ത് താൻ ബീഫ് കഴിക്കും എന്ന് കർണാടകയിലെ ജനങ്ങളോട് പറയാൻ സിദ്ധു മടി കാണിച്ചിട്ടില്ല.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് മുൻപ്, തൻ്റെ രാഷ്ട്രീയ പിൻഗാമിയായി കണക്കാക്കിയിരുന്ന മൂത്ത മകൻ രാകേഷ് ബെൽജിയത്തിലെ ബ്രസൽസിൽ വച്ച് മരിച്ചത് ,സിദ്ധരാമയ്യയുടെ വ്യക്തിപരമായ നഷ്ടമായിരുന്നു.

രണ്ടാമത്തെ മകനായ ഡോ:യതീന്ദ്ര 2018ലെ തെരഞ്ഞടുപ്പിൽ വരുണയിൽ മൽസരിച്ച് ജയിച്ചിരുന്നു. പിതാവിന് സുരക്ഷിത മണ്ഡലം നൽകുന്നതിന് ഈ തെരഞ്ഞെടുപ്പിൽ യതീന്ദ്ര വരുണയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു,2018ൽ രണ്ട് മണ്ഡലങ്ങളിൽ മൽസരിച്ചപ്പോൾ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മുൻ സഹപ്രവർത്തകനായ ജി.ടി.ദേവഗൗഡയോട് പരാജയപ്പെട്ടിരുന്നു, 2013 ൽ പരമേശ്വരക്ക് സംഭവിച്ചത് ആവർത്തിക്കരുതെന്ന് ഉറപ്പിച്ചാണ് ഇത്തവണ സിദ്ധരാമയ്യ സുരക്ഷിത മണ്ഡലം തേടിയത്.

2018 നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി ഇന്ദിരാ കാൻറീനുകൾ പോലുള്ള ജനകീയ പദ്ധതികളും കർണാടകക്ക് ഔദ്യോഗിക പതാകയടക്കം രൂപകൽപ്പന ചെയ്തിട്ടും പരാജയപ്പെടുകയായിരുന്നു സിദ്ധരാമയ്യയും കൂട്ടരും, പിന്നീട് എച്ച്.ഡി.കുമാരസ്വാമിക്ക് പൊട്ടിക്കരയുന്ന ദിനങ്ങൾ സമ്മാനിച്ചതിലും സിദ്ധരാമയ്യയുടെ ഇടപെടലുകൾ തന്നെയായിരുന്നു.

നിജലിംഗപ്പയും ദേവരാജ് അരുസും ദേവഗൗഡയും ജെ.എച്ച് പട്ടേലും രാമകൃഷ്ണ ഹെഗ്ഡെയും ഗുണ്ടുറാവും ബംഗാരപ്പയും എസ്.എം.കൃഷ്ണയും പയറ്റിത്തെളിച്ച രാഷ്ട്രീയ ഭൂമികയിൽ പിടിച്ചു നിന്ന സിദ്ധുവിന് പണാധിപത്യം കൊണ്ട് പൊന്തി വന്ന ട്രബിൾ ഷൂട്ടറെയെല്ലാം ഇടതു കയ്യിലെ ചെറുവിരലുകൊണ്ട് മലർത്തിയടിക്കാനുള്ളതേ ഉള്ളൂ….

2028 തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ചിലപ്പോൾ നിങ്ങൾക്ക് വീണ്ടും ഈ ശബ്ദം കേൾക്കാം “ഇതെൻ്റെ അവസാനത്തെ തെരഞ്ഞെടുപ്പാണ്,എന്നെ മുഖ്യമന്ത്രിയാക്കണം”

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us