ബെംഗളൂരു: കബണ്‍ പാര്‍ക്കില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. കമിതാക്കള്‍ അടുത്തിരിക്കുന്നതും കുട്ടികളടക്കം മരം കയറുന്നതും ഭക്ഷണം പ്രവേശിക്കുന്നതിനും അടക്കമാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
ഫോട്ടോയെടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷയടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്കുകള്‍ ഏർപ്പെടുത്തിയത്.
300 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ കഴിഞ്ഞ ഒരു മാസമായി സുരക്ഷാ ഗാര്‍ഡുകള്‍ റോന്തുചുറ്റുകയും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. ചിലരുടെ പെരുമാറ്റം പാര്‍ക്കിന്റെ അന്തരീക്ഷം കുട്ടികള്‍ക്ക് സൗഹൃദമല്ലാതാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നിയന്ത്രണങ്ങളെന്നും പാര്‍ക്കിന്റെ അന്തരീക്ഷം നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
പാര്‍ക്കില്‍ കമിതാക്കളുടെ പരസ്യമായ സ്നേഹപ്രകടനങ്ങളെക്കുറിച്ച് കുടുംബങ്ങളില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നു. അതുമാത്രമല്ല, കമിതാക്കള്‍ കുറ്റിക്കാട്ടില്‍ മറഞ്ഞിരിക്കുന്നത് അവരുടെ സുരക്ഷക്ക് ഭീഷണിയാണ്. പാമ്പുകളും പ്രാണികളും നിരവധിയുണ്ട്. അവയുടെ ആക്രമണമേല്‍ക്കാനുള്ള സാധ്യതയുണ്ട്. ഉച്ചഭാഷിണികള്‍ ഉപയോഗിച്ചുള്ള മുന്നറിയിപ്പ് നിയമങ്ങള്‍ ലംഘിച്ച് പാര്‍ക്ക് നശിപ്പിക്കുന്നവര്‍ക്ക് മാത്രമുള്ളതാണെന്നും ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് സെറികള്‍ച്ചര്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കതാരിയ പറഞ്ഞു.
സുരക്ഷ പ്രധാന പ്രശ്നമാണെന്നും കുറ്റിക്കാട്ടില്‍ കമിതാക്കള്‍ മറഞ്ഞിരിക്കുന്നത് അപകടമാണെന്നും കഴിഞ്ഞയാഴ്ച കമിതാക്കളുടെ തൊട്ടടുത്ത് നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയതെന്നും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.