കൂടത്തായ് കേസിൽ നിർണായക ഫോറൻസിക്ക് റിപ്പോർട്ട്

കൂടത്തായ് കേസിൽ നാല് പേരുടെ മൃതദേഹ അവശിഷ്ടത്തിൽ നിന്ന് സയനൈഡ് കണ്ടെത്തിയില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനാഫലമാണ് പ്രോസിക്യൂഷന് ലഭിച്ചത്. ഈ റിപ്പോർട്ട് മാറാട് പ്രത്യേക കോടതിയിൽ സമർപ്പിച്ചു. അതേസമയം കൂടത്തായി കൂട്ടക്കൊല കേസിൽ ഉൾപ്പെട്ട റോയ് വധക്കേസിന്റെ സാക്ഷിവിസ്താരം മാർച്ച് 6 മുതൽ തുടങ്ങും.

കൂടത്തായി കൂട്ടക്കൊലയിൽ ഉൾപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളിൽ സയനൈഡ് അംശം ഇല്ലെന്നാണ് ഫോറൻസിക് പരിശോധന ഫലം.

മുഖ്യപ്രതിയായ ജോളി ആദ്യ ഭർത്താവ് റോയ് തോമസ് ഉൾപ്പെടെ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതിൽ റോയ് തോമസിന്റെയും ജോളിയുടെ രണ്ടാമത്തെ ഭർത്താവിന്റെ ആദ്യ ഭാര്യ സിലിയുടെയും മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. മറ്റ് നാല് കേസുകളിൽ നേരത്തെ നടത്തിയ പരിശോധനയിൽ സയനൈഡിന്റെ കണ്ടെത്താത്തതിനാൽ മാറാട് പ്രത്യേക കോടതിയുടെ അനുമതിയോടെ വീണ്ടും വിശദ പരിശോധനയ്ക്ക് അയച്ചിരുന്നു. ആ പരിശോധനഫലമാണ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

അതേസമയം കൂടത്തായി കൂട്ടക്കൊലക്കേസ് പരമ്പരയിൽ പെട്ട റോയ് തോമസ് വധക്കേസിന്റെ സാക്ഷി വിസ്താരം മാർച്ച് 6 മുതൽ മെയ് 18 വരെ വിവിധ ദിവസങ്ങളിലായി മാറാട് പ്രത്യേക കോടതിയിൽ നടക്കും. വിചാരണയിൽ 158 സാക്ഷികൾക്ക് സമൻസ് അയക്കാൻ മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജ് ആർ എസ് ശ്യാംലാൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

മുഖ്യപ്രതിയായ ജോളി തൻറെ ആദ്യ ഭർത്താവ് റോയ് തോമസിനെ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി മറ്റൊരാളെ വിവാഹം കഴിക്കുന്നതിനായി കൂട്ടു പ്രതികളുടെ സഹായത്തോടെ ഭക്ഷണത്തിൽ വിഷം നൽകി കൊന്നുവെന്നാണ് ഈ കേസ്. അതിനിടെ നാലുപേരുടെ മൃതദേഹ അവശിഷ്ടങ്ങളിൽ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടില്ല എന്ന ഫോറൻസിക് റിപ്പോർട്ട് മറ്റ് നാല് കേസുകളിൽ നിർണായകമായി തീരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us