ബെംഗളൂരു: നഗരത്തിലെ റോഡുകളിൽ ഒരിക്കൽ കൂടി ഡബിൾ ഡക്കർ ബസുകൾ തിരികെ കൊണ്ടുവരാനുള്ള പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. 1970 കളിലും 80 കളിലും ഡബിൾ ഡെക്കർ ബസുകൾ നഗരത്തിൽ വളരെ സാധാരണമായ ഒരു കാഴ്ചയായിരുന്നു, എന്നാൽ 1997-ൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഘട്ടംഘട്ടമായി ഇത് നിർത്തലാക്കി. വീണ്ടും ഡബിൾ ഡക്കർ ബസുകൾ നിരത്തിലിറക്കാൻ ട്രാൻസ്പോർട്ട് യൂട്ടിലിറ്റി വളരെക്കാലം പ്രവർത്തിച്ചിരുന്നുവെങ്കിലും കാര്യം നടന്നില്ല. എന്നാൽ, ഇത്തവണ ഇരുനില ബസുകൾ നിരത്തിലിറക്കാനാണ് ബിഎംടിസിയുടെ നീക്കം.
നവംബറിൽ പുറത്തിറക്കിയ 10 ഇലക്ട്രിക് എസി ഡബിൾ ഡെക്കർ ബസുകൾ വാങ്ങുന്നതിനുള്ള താൽപ്പര്യം പ്രകടിപ്പിക്കുന്ന വിജ്ഞാപനത്തിൽ, മോട്ടോർ വെഹിക്കിൾ ആക്ടിന്റെ നിയമപരമായ ആവശ്യകതകൾക്ക് അനുസൃതമായ വ്യത്യസ്ത വേരിയന്റുകളുള്ള കുറഞ്ഞത് 100 ബാറ്ററി ഓപ്പറേറ്റഡ് ഇലക്ട്രിക് ബസുകൾ നിർമ്മിച്ച് വിതരണം ചെയ്ത പരിചയം ബിഡ്ഡിംഗ് കമ്പനിക്ക് ഉണ്ടായിരിക്കണമെന്ന് ബിഎംടിസി വ്യക്തമാക്കി.
ഡബിൾ ഡെക്കർ ബസുകൾ നിർമ്മിക്കുന്നവർ വളരെ കുറവാണെന്ന് ബിഎംടിസി ഡയറക്ടർ (ഐടി) എവി സൂര്യ സെൻ പറഞ്ഞു. നിർമ്മാതാക്കളിൽ നിന്ന് താൽപ്പര്യ പ്രകടനങ്ങൾ ലഭിച്ചതായും, തുടക്കത്തിൽ അഞ്ച് ഇലക്ട്രിക് എസി ഡബിൾ ഡെക്കർ ബസുകൾക്കായി ഉടൻ ടെൻഡർ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യത്തെ അഞ്ച് ബസുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ, നാഷണൽ ക്ലീൻ എയർ പ്രോഗ്രാമിന് കീഴിലുള്ള അംഗീകാരത്തിന് ശേഷം മറ്റൊരു അഞ്ച് ബസുകൾക്കായി ട്രാൻസ്പോർട്ട് യൂട്ടിലിറ്റി ടെൻഡർ നടത്തും. ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾക്ക് 9 മീറ്റർ നീളവും ഒറ്റ ചാർജിൽ 200 കിലോമീറ്റർ ഓടാനുള്ള ശേഷിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ റൂട്ടുകൾ തീരുമാനിച്ചിട്ടില്ല. ആദ്യത്തെ അഞ്ച് ബസുകൾ എത്തിച്ചുകഴിഞ്ഞാൽ മാത്രമേ റൂട്ട് തീരുമാനിക്കുകയുള്ളു.
നേരത്തെ കെആർ മാർക്കറ്റ്, മജസ്റ്റിക് എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗർ, ദൂപ്പനഹള്ളി, ജയനഗർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഡബിൾ ഡെക്കർ ബസുകൾ ഓടിയിരുന്നു. സിനിമാ ഷൂട്ടിങ്ങിനായി വാടകയ്‌ക്കെടുത്ത കാവേരി എന്ന പേരിലുള്ള അവസാന ഡബിൾ ഡക്കർ ബസ് ഇപ്പോഴും ബിഎംടിസിയുടെ പക്കലുണ്ട്.
“നഗരം സാക്ഷ്യം വഹിച്ച വമ്പിച്ച വികസനം കണക്കിലെടുത്ത്, മരക്കൊമ്പുകൾക്കും തൂങ്ങിക്കിടക്കുന്ന കേബിളുകൾക്കും പുറമെ എല്ലായിടത്തും ഫ്‌ളൈ ഓവറുകളും അണ്ടർപാസുകളും റെയിൽവേ പാലങ്ങളും വന്നു, കോർ സിറ്റി ഏരിയകളിൽ ബസുകൾ ഓടിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ബിഎംടിസി വൃത്തങ്ങൾ പറഞ്ഞു. റൂട്ടുകൾ തിരഞ്ഞെടുക്കാൻ ഒരു സർവേ നടത്തുമെന്നും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ബസുകൾ ഓടാനുള്ള സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.