അശോക സ്തംഭത്തിൽ രൂപമാറ്റം, വിവാദം കത്തുന്നു

ന്യൂഡൽഹി : പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത വെങ്കലത്തില്‍ തീര്‍ത്ത അശോകസ്തംഭം വിവാദത്തിൽ.

പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണത്തിന് പിന്നാലെ അതില്‍ രൂപമാറ്റം വരുത്തിയതു സംബന്ധിച്ചും കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്. സാരനാഥിലെ അശോക സ്തംഭം പാര്‍ലിമെന്റ് മന്ദിരത്തില്‍ പ്രതിഷ്ഠിക്കാന്‍ രൂപകല്‍പ്പന ചെയ്തപ്പോള്‍ സിംഹങ്ങളുടെ ഭാവം അക്രമാസക്തമായി എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അശോകസ്തംഭത്തിലെ സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന തരത്തിലാണ്. ഇതാണ് വിവാദങ്ങള്‍ക്കിടയാക്കിരിക്കുന്നത്. ദേശീയ ചിഹ്നത്തെ പരിഹാസ്യമാക്കി പരിഷ്‌കരിച്ചെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

യഥാര്‍ത്ഥ ദേശീയ ചിഹ്നത്തിലെ സിംഹങ്ങള്‍ക്ക് സൗമ്യഭാവമാണ് ഉള്ളത്. എന്നാല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കാന്‍ പ്രധാനന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തില്‍ സിംഹങ്ങള്‍ക്ക് നരഭോജികളുടെ മുഖഭാവമാണെന്നും ആര്‍ജെഡി വിമര്‍ശിച്ചു. പ്രധാനമന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തെ ഗോഡ്‌സെയോടും യഥാര്‍ത്ഥ അശോക സ്തംഭത്തെ മഹാത്മാ ഗാന്ധിയോടുമാണ് മുതിര്‍ന്ന അഭിഭാഷകനും ആക്ടവിസ്റ്റുമായ പ്രഷാന്ത് ഭൂഷണ്‍ താരതമ്യം ചെയ്തത്.

‘ഗാന്ധി മുതല്‍ ഗോഡ്‌സെ വരെ; ഗാംഭീര്യത്തോടെയും സമാധാനത്തോടെയും ഇരിക്കുന്ന സിംഹങ്ങളുള്ള നമ്മുടെ ദേശീയ ചിഹ്നത്തില്‍ നിന്ന്, സെന്‍ട്രല്‍ വിസ്തയില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മുകളില്‍ അനാച്ഛാദനം ചെയ്ത പുതിയ ദേശീയ ചിഹ്നം തുറന്നുകാട്ടപ്പെട്ട ദംഷ്ട്രകളുള്ള കോപാകുലരായ സിംഹങ്ങളോടെയാണ്. ഇതാണ് മോദിയുടെ പുതിയ ഇന്ത്യ’ – പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി.

പുതിയ സിംഹങ്ങളുടെ ക്രൗര്യമായ ഭാവം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്.

ആറര മീറ്റര്‍ ഉയരവും 9,500 കിലോ ഭാരവമുള്ള വെങ്കലം കൊണ്ടു നിര്‍മിച്ച കൂറ്റന്‍ അശോക സ്തംഭമാണ് പ്രധാന മന്ത്രി അനാച്ഛാദനം ചെയ്തത്. ഇതിന് താഴെ 6,500 കിലോ ഭാരമുള്ള ഉരുക്ക് ഘടനയും നിര്‍മിച്ചിട്ടുണ്ട്. ക്ലേ മോഡലിങ്, കംപ്യൂട്ടര്‍ ഗ്രാഫിക്‌സ്, വെങ്കല കാസ്റ്റിങ് തുടങ്ങിയവ ഉള്‍പ്പെടെ എട്ടു ഘട്ടങ്ങളിലൂടെയാണ് ദേശീയചിഹ്നം രൂപപ്പെടുത്തിയത്. അനാച്ഛാദന ചടങ്ങിനിടെയാണ് പൂജാ കര്‍മങ്ങളിലും പ്രധാന മന്ത്രി പങ്കെടുത്തത്.1,250 കോടി രൂപ മുതല്‍മുടക്കിലാണ് പുതിയ പാര്‍ലിമെന്റ് മന്ദിരം നിര്‍മിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us