ബെംഗളൂരു: സാറ്റലൈറ്റ് ബസ് ടെർമിനലിൽ പുലർച്ചെ എത്തുന്ന യാത്രക്കാരെ ആക്രമിച്ച് കവർച്ചക്കാർ. ബാഗ് തട്ടിപ്പറിക്കുക, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും മൊബൈൽ ഫോണും കവരുക തുടങ്ങിയ അതിക്രമങ്ങൾ പതിവാവുകയാണ് ഇവിടെ . പോലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യപ്പെട്ട് യാത്രക്കാർ പരാതി നൽകി. കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന ബസുകളാണ് പുലർച്ചെ 4ന് മുൻപ് സാറ്റലൈറ്റിലെത്തുന്നത്.
നേരത്തെ കവർച്ച പെരുകിയതോടെ പോലീസ് പട്രോളിങ് ഊർജിതമാക്കിയിരുന്നെങ്കിലും ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ല. ഇത് കവർച്ചക്കാർക്ക് ഗുണം ചെയ്തു എന്നു പറയാം. സാറ്റലൈറ്റിൽ നിന്ന് മജസ്റ്റിക് ബസ് ടെർമിനലിലേക്ക് കർണാടക ആർടിസി ഷട്ടിൽ ബസ് സർവീസ് രാവിലെ 5ന് ശേഷമാണ് ആരംഭിക്കുന്നത്. നേരത്തെ എത്തുന്ന യാത്രക്കാർ മറ്റു യാത്രാമാർഗങ്ങൾ തേടി സാറ്റലൈറ്റിന് എതിർവശത്തുള്ള മൈസൂരു റോഡിലാണ് കാത്തുനിൽക്കുന്നത്. വിജനമായ സ്റ്റാൻഡിലൂടെ നടന്നു വരുന്നവരാണ് കവർച്ചയ്ക്കിരയാകുന്നത്. പോലീസിൽ പരാതി നൽകാൻ ആളുകൾ മടിക്കുന്നതും ഇത്തരം സംഘങ്ങൾക്ക് ഗുണം ചെയ്യുന്നു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നുള്ള കേരള ആർടിസി ബസിൽ പുലർച്ചെ 3.30നാണ് സാറ്റലൈറ്റ് സ്റ്റാൻഡിലെത്തിയത്. കലാശിപാളയത്തേയ്ക്ക് പോകുന്നതിന് വേണ്ടി മൈസൂരു റോഡിലെ ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ 2 പേർ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചത്. കൂടെ ഉണ്ടായിരുന്നവർ ഒരുമിച്ച് നിന്ന് ചെറുത്തതോടെ ഇവർ കടന്നുകളഞ്ഞു. ഈ സമയത്ത് ബസ് ടെർമിനലിനകത്തും സമീപറോഡുകളിലും ഒരു പോലീസുകാരൻ പോലും ഉണ്ടായിരുന്നില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.