ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ ഡിജിറ്റൽ ക്യാമറകൾക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനിച്ചു. നിലവിലിപ്പോൾ പാർക്കിനുള്ളിൽ ഡിജിറ്റൽ ക്യാമറകൾ ഉപയുഗിക്കുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. ആരെങ്കിലും നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയാൽ 500 രൂപ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഡിജിറ്റൽ ക്യാമറകൾ നിരോധിക്കുന്ന വിഷയം അധികൃതർ ഉപദേശക സമിതിക്ക് മുമ്പാകെ കൊണ്ടുവരുകയും അതിനു അംഗീകാരം ലഭിക്കുകയും ചെയ്യുകയായിരുന്നു. ഫ്ലാഷിന്റെ ഉപയോഗം പക്ഷികളുടെയും പ്രത്യേകിച്ച് തേനീച്ചകളുടെയും ശ്രദ്ധ തിരിക്കുമെന്നതാണ് ഡിജിറ്റൽ ക്യാമറകൾ അനുവദിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് അധികൃതർ പറയുന്നത്. പ്രശസ്തമായ പാർക്കിൽ നിരവധി തേനീച്ച ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. 2015ൽ രക്ഷിതാക്കൾക്കൊപ്പം പുഷ്പമേളയ്‌ക്കെത്തിയ ഏഴുവയസ്സുകാരി തേനീച്ചയുടെ ആക്രമണത്തിൽ മരണമടയുകയും ചെയ്തു. 2016ൽ നാല് പേരെ തേനീച്ച ആക്രമിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാർക്കിൽ വീഡിയോ ഷൂട്ട് ചെയ്യുന്ന ഗവേഷകരും പ്രൊഫഷണലുകളുമുണ്ട്. ഇവർക്കായി പ്രത്യേക അനുമതി നൽകാനാണ് പാർക്ക് അധികൃതരുടെ തീരുമാനം. അത്തരക്കാർ രേഖാമൂലം മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്, അതുവഴി അവർക്ക് ഫോട്ടോഷൂട്ടിന് അനുവദിക്കുമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.