ബെംഗളൂരു: ഇന്ത്യ–പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാനെ പിന്തുണച്ചതിന് കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കെതിരെ കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ(എൻഎസ്‌യുഐ) മൂന്ന് അംഗങ്ങൾ സംസ്ഥാനത്തെ ചിക്കബല്ലാപ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഒക്ടോബർ 24 ഞായറാഴ്ച നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന് പിന്നാലെയാണ് സംഭവം.
ടി20 ലോകകപ്പ് പരമ്പരയിൽ ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന് ശേഷം പാകിസ്ഥാനെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടതിനാണ് കശ്മീരി വിദ്യാർത്ഥിക്കെതിരെ എൻഎസ്‌യുഐ ഒക്ടോബർ 27 ബുധനാഴ്ചപോലീസിൽ പരാതി നൽകിയിയത്. എന്നാൽ, വിദ്യാർത്ഥിക്കെതിരെ പോലീസ് ഇതുവരെ എഫ്‌ഐആർ ഫയൽചെയ്തിട്ടില്ല.
“എൻഎസ്‌യുഐ അംഗങ്ങൾ ഒരു പരാതി സമർപ്പിച്ചതിൽ ഞങ്ങൾ അന്വേഷണം നടത്തി. പരാതിയിൽ പരാമർശിച്ച വിദ്യാർത്ഥി 2020 മാർച്ച് മുതൽ ചിക്കബല്ലാപ്പൂരിൽ ഇല്ലെന്നാണ് അറിഞ്ഞത്. വിദ്യാർത്ഥി കശ്മീരിൽ നിന്നുള്ളയാളാണ്, ഒരുപക്ഷേ തിരികെ പോയിരിക്കാം. ശ്രീ ജഗദ്ഗുരു ചന്ദ്രശേഖരനാഥ സ്വാമിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ടെക്‌നോളജിയിൽ (എസ്‌ജെസിഐടി) ഒരു വർഷം പഠിച്ച വിദ്യാർത്ഥി വീണ്ടും കർണാടകയിലേക്ക് മടങ്ങിവന്നതായി തോന്നുന്നില്ല. ആൾ എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾ വിഷയം കൂടുതൽ അന്വേഷിക്കുകയാണ്. ”എന്ന് ചിക്കബെല്ലാപൂർ പോലീസ് സൂപ്രണ്ട് ജികെ മിഥുൻ കുമാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.