ബെംഗളൂരു: ചിലർ അങ്ങനെയാണ് നല്ല ജോലിയുണ്ടെങ്കിലും അനധികൃത മാർഗ്ഗത്തിലൂടെ കൂടുതൽ പണം സമ്പാദിച്ചാലേ ഉറക്കം വരൂ, അങ്ങനെയുള്ള ഒരു യുവതി കഴിഞ്ഞ ദിവസങ്ങളിൽ ഉറങ്ങുന്നത് ഇപ്പോൾ ലോക്കപ്പിലാണ്.
നഗരത്തിൽ ന്യൂബെൽ റോഡിലെ ഐ.ടി.ഐ. പാർക്കിന് സമീപം കഞ്ചാവ് വിൽപന നടത്തിയ ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി രേണുക (25) യാണ് കഴിഞ്ഞ ദിവസം സദാശിവ നഗർ പോലീസിൻ്റെ പിടിയിലായത്.
കൂടെയുണ്ടായിരുന്ന സുഹൃത്തും ബിഹാർ സ്വദേശിയുമായ സുധാംശു സിങ്ങ് (21) സദാശിവനഗർ പോലീസിന്റെ പിടിയിലായി.
രേണുകയുടെ ബാഗിൽനിന്ന് രണ്ടരക്കിലോ കഞ്ചാവും 6,500 രൂപയും കണ്ടെടുക്കുകയും ചെയ്തു.
കൂടുതൽ ചോദ്യം ചെയ്തതോടെയാണ് യുവതി ചെന്നൈയിലെ ഒരു സിവിൽ എഞ്ചിനീയറിംഗ് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു എന്നും കാമുകനായ സിദ്ധാർത്ഥിൻ്റെ നിർദ്ദേശത്തെ തുടർന്ന് കഞ്ചാവ് വിൽപനക്ക് ഇറങ്ങിയത് എന്നും പോലീസിന് മനസ്സിലായത്.
നഗരത്തിൽ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തിവരുന്നയാളാണ് സിദ്ധാർഥ്.
യുവതിയുടെ എഞ്ചിനീയറിംഗ് സഹപാഠിയായിരുന്നു സിദ്ധാർത്ഥ്.
ആഡംബര ജീവിതം നയിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഇവർക്ക് സ്ഥാപനത്തിൽനിന്ന് കിട്ടുന്ന ശമ്പളം തികയാതെ വന്നതോടെതാണ് കഞ്ചാവ് സംഘത്തോടൊപ്പം ചേർന്നത്.
രേണുകയും സിദ്ധാർഥും ചേർന്ന് ഒഡിഷയിൽനിന്ന് കഞ്ചാവ് നേരിട്ടെത്തിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ലോക്ഡൗണായതോടെ കഞ്ചാവിന്റെ ലഭ്യതകുറഞ്ഞതിനാൽ വലിയ വിലയ്ക്കാണ് കൈവശമുള്ള കഞ്ചാവ് ഇവർ വിറ്റഴിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
രേണുകയെ വിൽപ്പനയിൽ സഹായിക്കാൻ സിദ്ധാർഥാണ് സുധാംശുവിനെ നിയോഗിച്ചത്.
സിദ്ധാർത്ഥ് അടക്കം ഉള്ള മറ്റ് സംഘാഗങ്ങളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് ,അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.