ബെംഗളൂരു. കേന്ദ്ര സർക്കാരിന്റെ നിർഭയ സാമ്പത്തിക സഹായ പദ്ധതിയുടെ പിൻബലത്തോടെ നഗരത്തിൽ ആകമാനം 7500 ഓളം സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്ന 620 കോടിയുടെ പദ്ധതിയിലാണ് ഉദ്യോഗസ്ഥർ തമ്മിലുള്ള വാക്ക് പോര് രൂക്ഷമാകുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഇല്ലെന്നും സ്ഥാപിത താൽപര്യത്തോടെയുള്ള ലക്ഷ്യംവച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ആണ് പ്രധാനമായ ആരോപണം.
പോലീസ് അഡീഷണൽ കമ്മീഷണർ അഡ്മിനിസ്ട്രേഷൻ വിഭാഗം ശ്രീ ഹേമന്ത് നിമ്പാൽക്കറും പോലീസ് ഇൻസ്പെക്ടർ ജനറൽ ( ഹോം സെക്രട്ടറി) ശ്രീമതി ഡി രൂപയും തമ്മിലാണ് പരസ്യമായ അഭിപ്രായവ്യത്യാസം ഉടലെടുത്തിരിക്കുന്നത്.
പ്രവർത്തനങ്ങളിൽ സുതാര്യത കുറവുണ്ടെന്ന ശ്രീമതി രൂപയുടെ ആരോപണം തെറ്റാണെന്നും 2020 ജനുവരി 16 ന് കരാർ വിളിച്ചെങ്കിലും പങ്കെടുത്ത മൂന്ന് പേരും യോഗ്യത നേടിയിരുന്നില്ലായെന്നും ശ്രീ നിമ്പാൽക്കർ വിശദീകരിക്കുന്നു.
രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ ജൂൺ 20ന് സാങ്കേതിക തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രാഥമിക യോഗ്യത നേടിയ കമ്പനികളായ ലാർസൻ ആൻഡ് ടുബ്രോ, മാട്രിക്സ് സെക്യൂരിറ്റി ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവയിൽനിന്നും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനെ പദ്ധതി നടത്തിപ്പിലേക്കായി തെരഞ്ഞെടുത്തതാണെന്ന് ശ്രീ നിമ്പാൽക്കർ പറയുന്നു.
എന്നാൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ ജൂലൈ 16ന് പുറത്തിറക്കിയ നിർദ്ദേശപ്രകാരം ഇത്
നിർത്തിവയ്ക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെതുടർന്ന് കരാറുകാരെ നിശ്ചയിക്കുന്ന കാര്യത്തിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുകയും ചെയ്തു. എന്നാൽ സർക്കാർ നിർദേശപ്രകാരമുള്ള പ്രാഥമിക കുറഞ്ഞ യോഗ്യതയായ 500 കോടി രൂപ അറ്റാദായം 250 കോടിയാക്കി കുറച്ചത് സർക്കാർ അറിവോടെ അല്ലെന്നും ദുരുദ്ദേശപരം ആണെന്നും ശ്രീമതി രൂപ ആരോപിക്കുന്നു.