ബെംഗളൂരു: ഒരിടവേളയ്ക്ക് ശേഷം നഗരത്തിൽ മാല മോഷണം വീണ്ടും സജീവമായിരിക്കുകയാണ്. സൗത്ത് ബെംഗളൂരുവിലെ രണ്ടിടങ്ങളിൽ ഒരുമണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് രണ്ട് മാലകവർച്ച കേസുകളാണ്. രണ്ടുസ്ഥലങ്ങളിലും ഒരേ സംഘമാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാവിലെ 6.30-നും 7.30-നും ഇടയിലാണ് ബസവനഗുഡിയിലും ബനശങ്കരിയിലും വീട്ടമ്മമാരിൽ നിന്ന്, ബൈക്കിലെത്തിയ സംഘം സ്വർണമാലകൾ തട്ടിയെടുത്തത്.
സി.സി. ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ബസവനഗുഡിയിൽ സഹോദരീപുത്രിയുടെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മയിൽ നിന്നാണ് നാലുപവന്റെയും മൂന്നുപവന്റെയും രണ്ടുമാലകൾ സംഘം തട്ടിയെടുത്തത്.
കാറിൽ കല്യാണ മണ്ഡപത്തിൽ വന്നിറങ്ങിയ വീട്ടമ്മയോട് സമീപത്തെ മറ്റൊരു സ്ഥലത്തേക്ക് പോകാനുള്ള വഴി ബൈക്കിലെത്തിയവർ ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന മാലകൾ പൊട്ടിച്ച് സംഘം ബൈക്കോടിച്ച് പോകുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഇവരെ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല.
അതേസമയം ബനശങ്കരിയിൽ കല്യാണ മണ്ഡപത്തിൽ നിന്ന് കുട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങാൻ പുറത്തിറങ്ങിയ 23 വയസ്സുകാരിയുടെ മാലയാണ് സംഘം തട്ടിയെടുത്തത്. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് അഞ്ചുപവൻ വരുന്ന മാല തട്ടിയെടുത്തതെന്നാണ് വീട്ടമ്മ പോലീസിന് നൽകിയ മൊഴി. 25-നും 30-നും ഇടയിൽ പ്രായമുള്ളവരാണ് ബൈക്കിലുണ്ടായിരുന്നതെന്നാണ് കരുതുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.