ബി.ഡി.എ സൈറ്റുകൾ വിൽക്കുന്ന സമാന്തര ബി.ഡി.എ; പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത് 250 കോടിയുടെ തട്ടിപ്പ്.

ബെംഗളൂരു: ഒരു സ്വകാര്യവ്യക്തി നൽകിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റിയുടെ വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റിക്കു സമാനമായി പ്രവർത്തിക്കുന്ന മറ്റൊരു തട്ടിപ്പു ബി ഡി എ ഓഫീസ്.

കണിങ്ഹാം റോഡിലെ പ്രസ്റ്റീജ് സെൻട്രൽ പോയിന്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ തട്ടിപ്പ് ഓഫീസിൽനിന്ന് കണ്ടെത്തിയത് ബിഡി എ യുടെ 60 സൈറ്റുകളുടെ രേഖകൾ ആണ്.

ഇതിലൂടെ ഏകദേശം 250 കോടിയുടെ തട്ടിപ്പിനാണ് സംഘം പദ്ധതിയിട്ടിരുന്നത്.

നിലവിൽ കണ്ടെത്തിയ രേഖകളും അതിലൂടെ പദ്ധതിയിടുന്ന തട്ടിപ്പുകളും സംഘത്തിന്റെ പ്രവർത്തനങ്ങളിലെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും വിശദമായ അന്വേഷണത്തിൽ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുമെന്നും അന്വേഷണസംഘം വെളിപ്പെടുത്തുന്നു.

പ്രാഥമികാന്വേഷണത്തിൽ ബി ഡി എ യിലെ തന്നെ നാല് ഉദ്യോഗസ്ഥരും തട്ടിപ്പ് സംഘത്തിൽ ഉൾപ്പെടുന്നു എന്നാണ് അറിയുന്നത്.

2018 ഹൊസക്കരെഹള്ളിയിലെ ചേരിയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് എല്ലാം നഷ്ടപ്പെട്ട നൂറ് കുടുംബങ്ങൾക്ക് ബി ഡി എ സൈറ്റ് നൽകാൻ തീരുമാനിച്ചിരുന്നു.

ഈ തീരുമാനത്തിൻ്റെ മറവിൽ തട്ടിപ്പു സംഘത്തിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർ ഏകദേശം 560 കുടുംബങ്ങൾക്കായി സൈറ്റുകൾ അനുവദിക്കാനുള്ള പട്ടിക തയാറാക്കി.

സൈറ്റുകൾ അനുവദിച്ചു നല്കുന്നതിനുള്ള പല നടപടിക്രമങ്ങളും ഒഴിവാക്കിക്കൊണ്ട് ഈ സംഘം 123 കുടുംബങ്ങൾക്കായി നാമമാത്രമായ തുകയ്ക്ക് സൈറ്റുകൾ നൽകുന്നതായി രേഖകൾ ചമച്ചു.

ഇങ്ങനെ നഗരത്തിലെ പ്രധാന ഇടങ്ങളിൽ വിതരണത്തിനായി കണ്ടെത്തിയ സൈറ്റുകൾ വലിയ തുകയ്ക്ക് ആവശ്യക്കാർക്ക് മറിച്ചു വിൽക്കുന്നതായിരുന്നു പദ്ധതി.

ഇപ്പോഴത്തെ ബി ഡി എ കമ്മീഷണർ എച്ച് ആർ മഹാദേവ അടുത്ത നാലു മാസത്തിനുള്ളിൽ വിരമിക്കാൻ ഇരിക്കെ അദ്ദേഹത്തിന്റെ പേരിൽ തന്നെ തട്ടിപ്പ് നടത്താനായിരുന്നു സംഘത്തിന്റെ പരിപാടി.

ഇതിനായി ബി ഡി യെ കമ്മീഷണറുടെ ലെറ്റർപാഡ് അടക്കം ക്രിത്രിമമായി ഉണ്ടാക്കി സൂക്ഷിച്ചിരുന്നു.

തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശേഷാദ്രി പുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us