ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കേ സ്കൂളുകൾ തുറക്കണമെന്ന അഭിപ്രായവുമായി വിദ്യാഭ്യാസവകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഒരുവിഭാഗം രക്ഷിതാക്കളും.
സ്കൂളുകൾ തുറക്കുന്നതുസംബന്ധിച്ച് അഭിപ്രായങ്ങൾ തേടിയപ്പോഴാണ് ഇവർ നിലപാട് വ്യക്തമാക്കിയത്. വിവിധ വ്യക്തികളുടെ അഭിപ്രായങ്ങൾ അടങ്ങിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസവകുപ്പ് കമ്മിഷണർ പ്രാഥമിക വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ചു.
തുടർന്ന് പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാറിന് കൈമാറും. പത്ത്, 12 ക്ലാസുകളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളാണ് സ്കൂളുകൾ തുറക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോവിഡിന്റെ പേരിൽ കുട്ടികളുടെ പഠനം മുടങ്ങുന്നതിൽ രക്ഷിതാക്കൾ ആശങ്കയിലാണ്.
സ്കൂളുകൾ തുറക്കാൻ സന്നദ്ധമാണെന്ന് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊള്ളാമെന്നും മാനേജ്‌മെന്റുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയിൽ സ്കൂളുകൾ തുറക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അധ്യാപകരും സ്കൂളുകൾ തുറക്കുന്നതിനോട് അനുകൂലനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ആദ്യദിവസങ്ങളിൽ ക്ലാസ് സമയം കുറച്ച് ഘട്ടംഘട്ടമായി സമയം കൂട്ടണമെന്ന നിർദേശവും മാനേജ്‌മെന്റുകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഡിസംബറോടെ കാര്യങ്ങൾ വിലയിരുത്തിയശേഷം സ്കൂളുകൾ തുറക്കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ ഈ കാര്യം രക്ഷിതാക്കളുടെ സംഘടനയുമായി ചർച്ച നടത്തിയശേഷം അഭിപ്രായങ്ങൾ റിപ്പോർട്ടിൽ കൂട്ടിച്ചേർക്കും.
ബാക്കിയെല്ലാ സ്ഥാപനങ്ങളും തുറന്നസ്ഥിതിക്ക് സ്കൂളുകൾമാത്രം തുറക്കാതിരിക്കുന്നതിൽ എന്തർഥമാണുള്ളതെന്ന് രക്ഷിതാക്കൾ ചോദിക്കുന്നു. അതേസമയം, ഓൺലൈൻ ക്ലാസുകൾ തുടർന്നാൽ മതിയെന്നും സ്കൂളുകൾ തുറന്നുകൊണ്ടുള്ള ക്ലാസുകൾ തിരക്കിട്ട് ആരംഭിക്കേണ്ടെന്നും ഒരുവിഭാഗം രക്ഷിതാക്കൾ പറയുന്നുണ്ട്.
സ്കൂളുകൾ തുറക്കുന്നതുസംബന്ധിച്ച് ഗതാഗതവകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹികക്ഷേമവകുപ്പ്, ഗ്രാമവികസനവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും തേടിയിരുന്നു.
നവംബർ അവസാനത്തോടെ സ്കൂളുകൾ തുറക്കാനായിരുന്നു സർക്കാർ നേരത്തേ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആന്ധ്രാപ്രദേശിൽ നവംബർ രണ്ടിന് സ്കൂളുകൾ തുറന്നശേഷം കുട്ടികളിലും അധ്യാപകരിലും കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് വൈകിപ്പിക്കാനാണ് സാധ്യത.
അതിനിടെ സ്കൂളുകൾ തുറക്കാത്തതിനാൽ സംസ്ഥാനത്തെ വിവിധ സ്വകാര്യ സ്കൂളുകളിൽനിന്ന് അധ്യാപകർ ജോലി ഉപേക്ഷിച്ചു പോവുകയാണ്. എത്രയുംവേഗം സ്കൂൾ തുറന്നില്ലെങ്കിൽ അധ്യാപകരെ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്ന് സ്വകാര്യസ്കൂൾ അധികൃതർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.