സ്വാതന്ത്ര്യ ദിനത്തിൽ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ധോണിയുടെ ആരാധകര്‍ക്ക് മാത്രമല്ല ക്രിക്കറ്റ് പ്രേമികള്‍ക്കാകെ നിരാശയുടെ ദിനമായി മാറി. നാടകീയമായി ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു വിടവാങ്ങല്‍ മത്സരം പോലും ഇതിഹാസ താരത്തിന് നല്കാന് കഴിയാത്ത നിസഹായ അവസ്ഥയിലാണ് രാജ്യം.
സച്ചിന് യുഗം അവസാനിച്ചപ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ധോണിയുഗം ആയിരുന്നു. സച്ചിന് ദൈവം ആയിരുന്നെങ്കില്‍
ധോണി ഇതിഹാസം ആയിരുന്നു.
“ഇന്ത്യൻ ക്രിക്കറ്റിന് നിങ്ങൾ നൽകിയ സംഭാവന ഏറെ വലുതാണ്. താങ്കളോടൊപ്പം ലോകകപ്പ് 2011 നേടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം. നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.” എന്നാണ് സച്ചിൻ ട്വീറ്റ് ചെയതത്.
Your contribution to Indian cricket has been immense, @msdhoni. Winning the 2011 World Cup together has been the best moment of my life. Wishing you and your family all the very best for your 2nd innings. pic.twitter.com/5lRYyPFXcp
— Sachin Tendulkar (@sachin_rt) August 15, 2020
ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച് കൊണ്ട് ഞെട്ടിച്ചപ്പോൾ കടുത്ത നിരാശയിലാണ് ആരാധകര്‍. ട്വന്റി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി തുടങ്ങി ടീമിന് എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങളെല്ലാം തന്നെ സമ്മാനിച്ച നായകനാണ് ധോണി.
ധോണിയുടെ ആ ബാറ്റ് വിശ്രമിക്കുമ്പോൾ ആശ്വസിക്കുന്ന ബൗളർമാർ ഏറെയുണ്ടാവും. വിക്കറ്റിന് പിന്നിൽ ജാഗ്രത വിടാതെ ഇരയെ പിടിക്കാൻ തക്കം പാർത്തുനിന്ന ഗ്ലൗസുകൾ മാത്രമല്ല എതിരാളികൾ ഭയന്നത്. ധോണിയുടെ സാന്നിധ്യം, ആ നായകന്റെ തീരുമാനങ്ങൾ, ബാറ്റ്സ്മാന്റെ ശൗര്യം, സ്റ്റമ്പിങ്ങിലെ വേഗത എല്ലാം എതിരാളികളെ സമ്മർദത്തിലാക്കുന്നവയായിരുന്നു.
ധോണി കളത്തിലുള്ളപ്പോൾ അവസാന പന്ത് വരെ ആരാധകർ പ്രതീക്ഷ കൈവിടില്ല. അത് ഒരു വിശ്വാസമാണ്. ധോണി എന്ന കളിക്കാരനെ അത്രമേൽ ക്രിക്കറ്റ്പ്രേമികൾ സ്നേഹിച്ചു. വിശ്വസിച്ചു. അത് ഒരിക്കലും അദ്ദേഹം തെറ്റിച്ചിട്ടില്ല. സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ടുനിർത്തണം. ധോണിയെന്ന ക്രിക്കറ്ററുടെ തീരുമാനങ്ങൾ കണ്ടവർക്ക് ഈ തീരുമാനം ഞെട്ടലുണ്ടാക്കില്ല.
എന്നാല്‍ ആരും ചിന്തിക്കാത്ത സമയത്ത് ഹെലികൊപ്ട്ടര്‍ ഷോട്ട് ബൌണ്ടറിയിലേക്ക് പായിക്കുന്ന ലാഘവത്തോടെ കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ ക്രീസില്‍ നിന്ന് ഇറങ്ങി നില്ക്കുന്ന ബാറ്റ്സ്മാനെ റണ്ണൌട്ട് ആക്കുന്ന വേഗതയിലായിരുന്നു ആ വിരമിക്കല്‍ പ്രഖ്യാപനം.
പതിനഞ്ച് വാക്കുകളില്‍ ധോണി വിരമിക്കല്‍ പ്രഖ്യാപനം നാടകീയമായി അവതരിപ്പിച്ചപ്പോള്‍ ആരാധകര്‍ അമ്പരന്നു. സമാനതകളില്ലാത്ത നിരാശയോടെ, വേദനയോടെ, നൊമ്പരത്തോടെ ഇതിഹാസ താരത്തിന് വിട. ആ മഹേന്ദ്രജാലം ഇനി രാജ്യാന്തര ക്രിക്കറ്റിൽ ഉണ്ടാവില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.