ബെംഗളൂരു: മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ക്വാറന്റീൻ മാർഗ്ഗ നിർദ്ദേശങ്ങളിൽ കർണാടക സർക്കാർ മാറ്റംവരുത്തിയതിൻ്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.
ഈ മാറ്റത്തെ കുറിച്ച് ബെംഗളൂരു വാർത്ത 2 ദിവസം മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
മഹാരാഷ്ട്രയൊഴികെയുള്ള സംസ്ഥാനങ്ങളിൽ നിന്നുവരുന്നവർ 14 ദിവസം ഹോം ക്വാറന്റീനിൽ കഴിയണം എന്നതാണ് പുതിയ ഉത്തരവിൽ പറയുന്നത്.
മഹാരാഷ്ട്രയിൽ നിന്നെത്തുന്നവർ മാത്രം ഏഴുദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനുശേഷം ഏഴുദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻ. മഞ്ജുനാഥ പ്രസാദ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
തമിഴ്നാട് ,ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കുണ്ടായിരുന്ന മൂന്നുദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ സർക്കാർ ഒഴിവാക്കി.
ജൂൺ 15-ന് ചീഫ് സെക്രട്ടറി വിജയ് ഭാസ്കർ ഇറക്കിയ ഉത്തരവിൽ ഡൽഹി, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് വരുന്നവർക്ക് മൂന്നു ദിവസം ഔദ്യോഗിക ക്വാറന്റീനും 11 ദിവസം ഹോം ക്വാറന്റീനുമായിരുന്നു നിർദേശിച്ചിരുന്നത്.