ബെംഗളൂരു : തമിഴ്നാട്ടിൽ അവിനാശിയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർ മരിച്ചു.
പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണെന്നാണ്.
കണ്ടെയ്നർ ലോറിയുടെ ടയർ പൊട്ടിയതാണ് അപകടമുണ്ടാകാൻ കാരണമെന്ന് സൂചനയുണ്ട്. ടയർ പൊട്ടിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടി.ഡി. ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ അവിനാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തിൽ പെട്ടത്.
48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിൽ ഏറെയും മലയാളികളായിരുന്നു യാത്രക്കാരെന്നാണ് സൂചന.
തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങൾ മാറ്റി. ഇവരിൽ മലയാളികൾ ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
അപകടം നടന്നത് നഗരത്തിൽ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അർധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവർത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നീട് ഫയർ ആൻഡ് റെസ്ക്യൂ സംഘവും പോലീസും സ്ഥലത്തെത്തി.
സേലത്ത് വെച്ച് നടന്ന മറ്റൊരു അപകടത്തിൽ അഞ്ച് പേർ മരിച്ചിട്ടുണ്ട്. നേപ്പാളിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസും ലോറിയുമാണ് സേലത്ത് കൂട്ടിയിടിച്ചത്. അപകടത്തിൽ അഞ്ച് നേപ്പാൾ സ്വദേശികളാണ് മരിച്ചത്. 26 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.