ബെംഗളൂരു: വ്യത്യസ്തമായ പ്രകടനങ്ങൾ കൊണ്ട് കർണാടകയിൽ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ആളാണ്, കന്നഡ ചാലുവാലി വാട്ടാൾ പക്ഷ നേതാവ് വാട്ടാൾ നാഗരാജ്.
കർണാടകയിൽ മണ്ണിന്റെ മക്കൾ വാദത്തിന് “സ്കോപ്പ് “ഉണ്ട് എന്ന് ആദ്യകാലത്ത് തിരിച്ചറിഞ്ഞ നേതാവ് എന്നും പറയാം.
പ്രണയ ദിനത്തിൽ നഗരത്തിൽ നാഗരാജ് നടത്തിയ ഒരു പ്രകടനം ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പ്രണയദിനം മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും പ്രണയം സാഫല്യമാക്കാനുള്ള ദിനമാണ്.
അത്തരത്തിൽ പ്രണയം സാഫല്യമായ ഒരു കുതിരക്കല്ല്യാണത്തിനാണ് ബെംഗളുരുവിലെ കബ്ബൺ പാർക്ക് സാക്ഷ്യം വഹിച്ചത്.
ബംഗളൂരുവിലെ രാജ-റാണി എന്ന രണ്ടു കുതിരകളാണ് വാലന്റൈൻസ് ദിനത്തിൽ വിവാഹിതരായത്.
കന്നഡ വതൽ പാർട്ടി ചെയർമാൻ വതൽ നാഗരാജിന്റെ കാർമികത്വത്തിലാണ് വിവാഹം നടന്നത്.
നാഗസ്വരത്തിന്റെയും തകിലിന്റെയും അകമ്പടിയോടുകൂടി പരമ്പരാഗതരീതിയിലുള്ള വിവാഹമായിരുന്നു.
വരൻ മുണ്ടും വധു സാരിയും താലിമാലയും വിവാഹവേളയിൽ ധരിച്ചു. നിരവധി ആളുകളാണ് കുതിരക്കല്ല്യാണത്തിൽ പങ്കെടുത്തത്.
ഇതിനുമുമ്പും നാഗരാജ് ഇത്തരത്തിലുള്ള വിവാഹങ്ങൾ നടത്തിയിട്ടുണ്ട്.
രണ്ട് ചെമ്മരിയാടുകളെയാണ് നാഗരാജ് വിവാഹം ചെയ്തു കൊടുത്തത്.
പ്രണയിക്കുന്നവർക്ക് വിവാഹം കഴിക്കാൻ സഹായിക്കുന്നതിനായി ഒരു ലക്ഷം രൂപയും 50,000 രൂപയും നൽകണമെന്ന് നാഗരാജ് കേന്ദ്രസർക്കാരിനോടും കർണാടക സംസ്ഥാന സർക്കാറുകളോടും അഭ്യർത്ഥിച്ചിരുന്നു.