ബെംഗളൂരു: ശിവാനന്ദ സർക്കിൾ മുതൽ വിൻസർ മാനർ വരെ നീണ്ടു നിൽക്കുന്ന ചിത്ര സന്തെ ച്രിത്ര ചന്ത) കലാ ആസ്വദകർക്ക് വേറിട്ട അനുഭവമായി മാറി.
പരിപാടി ഉൽഘാടനം ചെയ്ത മുഖ്യമന്ത്രി യെദിയൂരപ്പ അടുത്ത വർഷത്തെ പരിപാടിക്ക് ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തുമെന്ന് ഉറപ്പു നൽകി.
” ഇവിടുത്തെ കലാ സൃഷ്ടികൾ ഏതൊരാളേയും അൽഭുതപ്പെടുത്തുന്നതാണ്, ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാൻ കഴിയുന്നതല്ല ഇത്, ഈ വർഷത്തെ വിഷയം “കർഷകർ” ആയാരുന്നു ,അത് തന്നോട് ഏറ്റവും ചേർന്നു നിൽക്കുന്നതാണ് “മുഖ്യമന്ത്രി ഉൽഘാടന പ്രസംഗത്തിൽ അറിയിച്ചു.
മൂന്നുലക്ഷത്തോളം സന്ദർശകരും 1600-ഓളം കലാകാരന്മാരും പങ്കെടുത്ത സന്തേ കലയുടെ ഉത്സവമായി. രാജസ്ഥാൻ, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുൾപ്പെടെയുള്ള കലകാരന്മാരാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കാനും വിൽപ്പനയ്ക്കുമെത്തിയത്. നൂറുരൂപ മുതൽ ഒരുലക്ഷം രൂപ വരെയാണ് ചിത്രങ്ങൾക്ക് വിലയീടാക്കിയത്. കഥകളിവേഷങ്ങൾ, ബുദ്ധൻ തുടങ്ങി രാഷ്ട്രീയ നേതാക്കൾ വരെ ചിത്രങ്ങളിൽ നിറഞ്ഞു. കളറിലും മോണോക്രോമിലുമുള്ള ചിത്രങ്ങളും ശില്പവും ചിത്രവും സന്നിവേശിപ്പിച്ച രൂപങ്ങളും അണിനിരന്നു. മലയാളികളായ നിഷാദ് മധുസൂദൻ, ശിഖ, അജിൽ തുടങ്ങിയവരും ചിത്രസന്തേയിൽ ശ്രദ്ധേയമായ സാന്നിധ്യമായി. കേരളത്തിന് തനത് കലാരൂപങ്ങൾക്കൊപ്പം വൈവിധ്യപൂർണമായ രചനാ സങ്കേതങ്ങളാണ് ഇവർ ഉപയോഗിച്ചത്. അംഗപരിമിതി നേരിടുന്ന സുനിത തൃപ്പനിക്കരയും ചിത്രങ്ങളുമായെത്തി. ബ്രഷ് ചുണ്ടുകൾക്കിടയിൽ വെച്ചാണ് ഇവർ ചിത്രം വരയ്ക്കുന്നത്.
തൃശൂർ സ്വദേശി സുനിൽ, നിലമ്പൂർ സ്വദേശി സുകു കാരാട് എന്നിവരും ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
ഇവർ ഉൾപ്പെടുന്ന കലാകാരന്മാരുടെ കൂട്ടായ്മയും ചിത്രസന്തേയിൽ സജീവമാണ്. മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വാൻഗോഗ് ആർട്‌സ് സ്റ്റുഡിയോയും ഒട്ടേറെ ചിത്രങ്ങൾ പ്രദർശനത്തിനെത്തിച്ചു. മികച്ച പ്രതികരണമാണ് ആസ്വാദകരിൽനിന്ന് ലഭിക്കുന്നതെന്ന് ചിത്രകാരനും ഐ.ടി.ജീവനക്കാരനുമായ നിഷാദ് മധുസൂദനൻ പറഞ്ഞു. അതേസമയം കുറഞ്ഞവിലയ്ക്ക് ചിത്രം ലഭിക്കണമെന്ന് നിർബന്ധം പിടിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് സുകു കാരാട് പറഞ്ഞു. ഇതിൽ ഒട്ടേറെപ്പേർ വർഷങ്ങളായി ചിത്രസന്തേയിൽ പങ്കെടുക്കുന്നവരാണ്.
ജനുവരിയിലെ ആദ്യ ഞായറാഴ്ചയാണ് ചിത്രസന്തേ നടക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പും വിനോദസഞ്ചാരവകുപ്പും കർണാടക ചിത്രകലാപരിഷത്തിന്റെ സഹകരണത്തോടെയാണ് സന്തേ സംഘടിപ്പിച്ചത്.
നേരത്തേ അപേക്ഷിച്ചവരിൽ നിന്ന് തിരഞ്ഞെടുത്തവർക്കാണ് പ്രദർശനത്തിന് അനുമതിനൽകിയത്.
കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ, ഉപമുഖ്യമന്ത്രിമാർ എന്നിവർ സന്തേ സന്ദർശിച്ചു.