കലിപ്പടക്കി ബ്ലാസ്റ്റേഴ്‌സ്; സ്വന്തം തട്ടകത്തിൽ ഹൈദരാബാദ് എഫ്സിയെ മുട്ടുകുത്തിച്ചത് ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക്!!

 

ബെംഗളൂരു: നീണ്ട കാത്തിരിപ്പിനൊടുവിൽ ആരാധകരുടെ മനം നിറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. തുടർച്ചയായ ഒമ്പത് മത്സരങ്ങളിൽ ജയം അറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ ഹൈദരാബാദ് എഫ്സിയെ മുട്ടുകുത്തിച്ചത് ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക്!!

ഈ സീസണിലെ ഏറ്റവും മികച്ച കളിയാണ് ഈ മല്‍സരത്തില്‍ എല്‍ക്കോ ഷറ്റോരിയുടെ കുട്ടികള്‍ പുറത്തെടുത്തത്. ഹോംഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിയെയാണ്‌ മഞ്ഞപട തകർത്തത്.

സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ എടിക്കെയെ 2-1ന് തോല്‍പ്പിച്ച ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ജയമാണിത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ഹൈദരാബാദിനെ കാഴ്ചക്കാരാക്കി ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾ മഴ. മത്സരത്തിന്റെ പതിനാലാം മിനിറ്റിലാണ് ഹൈദരാബാദ് ആദ്യം ഗോളടിച്ചത്.

ഇരട്ടഗോളുകള്‍ നേടിയ നായകന്‍ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചത്. 33, 75 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. വ്‌ളാക്കോ ഡ്രൊബാറോവ് (39), റാഫേല്‍ മെസ്സിബൗളി(45), സെയ്ത്യാസെന്‍ സിങ് (59) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

ഹൈദരാബാദിന്റെ ആശ്വാസ ഗോള്‍  ബോബോയുടെ വകയായിരുന്നു. ഈ വിജയത്തോടെ രണ്ടു സ്ഥാനം മെച്ചപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. സീസണിലെ മുന്‍ മല്‍സരങ്ങളില്‍ കണ്ട ബ്ലാസ്റ്റേഴ്‌സിനെയല്ല ഇത്തവണ കൊച്ചിയില്‍ കണ്ടത്.

കളിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ലീഡ് വഴങ്ങിയതോടെ അല്‍പ്പം പിന്‍വലിഞ്ഞ ബ്ലാസ്റ്റേഴ്‌സ് അധികം വൈകാതെ തന്നെ  അറ്റാക്കിങ് തുടങ്ങി. 33ാം മിനിറ്റില്‍ ഇതിന് ഫലം കാണുകയും ചെയ്തു. ജിയാനി സ്യുവര്‍ലൂന്‍ നല്‍കിയ തകര്‍പ്പനൊരു ത്രൂബോളുമായി ഒറ്റയ്ക്ക് മുന്നേറിയ ഒഗ്‌ബെച്ചെ മുന്നോട്ട് കയറി വന്ന ഗോളി കട്ടിമണിയെയും വെട്ടിയൊഴിഞ്ഞ് ഒഴിഞ്ഞ വലയിലേക്ക് പന്ത് പ്ലേസ് ചെയ്തു.

ഒഗ്ബെച്ചെയിലൂടെ സമനില പിടിച്ച ബ്ലാസ്റ്റേഴ്സ് 39-ാം മിനിറ്റിൽ ഡ്രൊബ്രോവിലൂടെ ലീഡും പിടിച്ചെടുത്തു. വലതു വിങിലൂടെ ഓടിക്കയറി സെയ്ത്യാസെന്‍ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് മനോഹരമായ വോളിയിലൂടെ ഡ്രൊബ്രോവ് ലക്ഷ്യത്തിലെത്തിച്ചു. ക്രോസ് ബാറില്‍ ഇടിച്ചുതെറിച്ചാണ് പന്ത് വലയ്ക്കുള്ളില്‍ കയറിയത്.

ആദ്യ പകുതി അവസാനിക്കുന്നതിനുള്ളിൽ 45-ാം മിനിറ്റിൽ മെസ്സി ബൗളി ബ്ലാസ്റ്റേഴ്സിന്റെ ലീഡ് പിന്നെയും ഉയർത്തി (3-1). ഇത്തവണ മെസ്സിബൗളിയുടെ ഊഴമായിരുന്നു. മികച്ച മുന്നേറ്റത്തില്‍ നിന്നായിരുന്നു ഈ ഗോള്‍. ഇടതു വിങിലൂടെ ഓടിയെത്തി ഹാളിചരണ്‍ നര്‍സാറി നീട്ടി നല്‍കിയ ക്രോസ് ക്രോസ് റേഞ്ച് ഷോട്ടിലൂടെ മെസ്സിബൗളി ഗോളാക്കുകയായിരുന്നു.

  ന​ഗരത്തിലെ ഈ ഫ്ലൈഓവറിന് താഴെ ഇനി പൂന്തോട്ടം; മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം നവീകരിച്ച് പൊതുഇടമാക്കി

രണ്ടാംപകുതിയിലും ബ്ലാസ്റ്റേഴ്‌സ് ആക്രമണശൈലി തന്നെ തുടര്‍ന്നു. 59ാം മിനിറ്റില്‍ സെയ്ത്യാസെന്‍ ബ്ലാസ്റ്റേഴ്‌സിന്റെ നാലാം ഗോള്‍ നേടി. ജെസ്സല്‍ കര്‍നെയ്‌റോ നല്‍കിയ പാസുമായി വലതു വിങിലൂടെ കുതിച്ച സെയ്ത്യാസെന്‍ ബോക്‌സിനുള്ളിലേക്ക് കയറിയ ശേഷം തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ഗോളി കട്ടിമണി ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കൈയ്യിൽ തട്ടിത്തെറിച്ചു വലയിലേക്കു വീണു.

75-ാം മിനിറ്റിൽ ഇരട്ട ഗോൾ തികച്ച ഒഗ്ബെച്ചെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. മെസ്സിബൗളിയാണ് ഗോളിനു വഴിയൊരുക്കിയത്. വലതു വിങിലൂടെ ഡ്രിബ്ള്‍ ചെയ്ത് ബോക്‌സിനകത്തേക്കു കയറിയ മെസ്സിബൗളി ടാക്ലിങിന് ഇരയായി വീണെങ്കിലും പന്ത് ഒഗ്‌ബെച്ചെയ്ക്ക് കൈമാറി. തക്കം പാര്‍ത്തുനിന്ന ഒഗ്‌ബെച്ചെ മനോഹരമായ വോളിയിലൂടെ പന്ത് വലയ്ക്കുള്ളിലാക്കുകയും ചെയ്തു.

രണ്ട് ജയവും അഞ്ച് സമനിലയും നാല് തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. പതിനൊന്ന് മത്സരങ്ങളിൽ അഞ്ച് പോയന്റ് മാത്രമുള്ള ഹൈദരാബാദ് എഫ്സി ഏറ്റവും അവസാന സ്ഥാനത്താണ്. ഈ വിജയത്തോടെ പതിനൊന്ന് മത്സരങ്ങളിൽ പതിനൊന്ന് പോയന്റോടെ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് മുന്നേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ആറു മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us