ബെംഗളൂരു : രക്ഷിതാക്കളെല്ലാവരും തങ്ങളുടെ മക്കളെ ഈ നഗരത്തിലേക്ക് വിദ്യാഭ്യാസത്തിനായി അയക്കുന്നത് അവർ ഉന്നത വിദ്യാഭ്യാസം നേടി നല്ല നിലയിൽ എത്തണമെന്ന ആഗ്രഹത്തോടെയും വളരെയധികം പ്രതീക്ഷകളോടെയുമാണ്, ഇതിൽ നല്ലൊരു ശതമാനം രക്ഷിതാക്കളും തങ്ങളുടെ മക്കൾ ഈ നഗരത്തിൽ എന്താണ് ചെയ്യന്നതെന്നോ എങ്ങനെ ജീവിക്കുന്നു എന്നോ ശ്രദ്ധിക്കാറില്ല, പലപ്പോഴും ഒരു “ഒത്ത സാമൂഹിക-ദേശീയ ദുരന്ത”മായി തങ്ങളുടെ മക്കൾ മാറിയതിന് ശേഷം മാത്രമേ ഇത്തരം വാർത്തകൾ അവർ അറിയാറുള്ളൂ, പലപ്പോഴും സമയം വളരെ വൈകിയിട്ടുണ്ടാവും, നഗരത്തി സ്ഥിരം ആവർത്തിക്കുന്ന ഇത്തരം ജീവിത പരമ്പരകളുടെ ഏറ്റവും പുതിയ എപ്പിസോഡ് ആണ് ഈ വാർത്ത.
ഹൊസൂർ റോഡിലെ ചന്ദാപുരക്കും അനേക്കല്ലിനും ഇടയിലുള്ള ഒരു അപ്പാർട്ട്മെൻറ് കോംപ്ലക്സിലെ മുറികൾ പരിശോധിച്ചപ്പോൾ പോലീസിന് ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്, ഈ വിഷയവുമായി ബന്ധപ്പെട്ട് അനേക്കലിലെ അലയൻസ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന 8 വിദ്യാർത്ഥികൾക്ക് എതിരെ 1985 ലെ നാർകോ ഡ്രഗ്സ് ആന്റ് സൈക്കോട്രോപ്പിക് ആക്ട് പ്രകാരം കേസെടുത്തു, വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം ചെയ്ത ടോണി എന്ന വൈറ്റ് ഫീൽഡ് സ്വദേശിക്കെതിരേയും രണ്ട് ഫ്ലാറ്റ് ഉടമസ്ഥർക്കെതിരേയും ഇതേ വകുപ്പ് ചുമത്ത് കേസെടുത്തിട്ടുണ്ട്.
വിശ്വസനീയമായ സൂചനയുടെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ 2 ന് തിങ്കളാഴ്ച രാത്രി എട്ടുമണിക്കും അടുത്ത ദിവസം പുലർച്ചെ 2 മണിയുടെ ഇടയിലുമാണ് റെയ്ഡ് നടന്നത്.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അപ്പാർട്ട്മെന്റ് കോംപ്ലക്സിലെ 7/708 എന്ന ഫ്ലാറ്റ് താമസക്കാർ അകത്തുനിന്ന് തുറക്കാത്തതിനാൽ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു. കഞ്ചാവ് വിൽക്കുന്നതോടൊപ്പം അവിടെ വച്ച് ഇത് ഉപയോഗിക്കാനുള്ള സൗകര്യവും ആ ഫ്ലാറ്റിൽ ഒരുക്കിയിരുന്നതായി പോലീസ് അറിയിച്ചു. കേരള, ഹരിയാന, ജാർക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പിടിയിലായത്, 350 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
വൈറ്റ് ഫീൽഡിൽ താമസിക്കുന്ന ടോണി എന്ന ആൾ ആണ് ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നത് എന്ന് പിടിയിലായവർ പോലീസിന് മൊഴി നൽകി. തുടർന്ന് സമീപവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 16/404 എന്ന നമ്പർ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 200 ഗ്രാം കഞ്ചാവുമായി ചില വിദ്യാർത്ഥികൾ പിടിയിലായി.
ഇവർക്കും കഞ്ചാവ് വിതരണം ചെയ്യുന്നത് ടോണി ആണ് എന്ന് ഇവർ സമ്മതിച്ചു, ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ താഴെ റോഡിൽ നിർത്തിയിട്ടിരുന്ന തമിഴ് നാട് റെജിസ്ട്രേഷൻ എസ്.യു.വി യിൽ പരിശോധന നടത്തിയപ്പോൾ 300 ഗ്രാം കഞ്ചാവുമായി ഒരു ഒഡീഷ സ്വദേശിയും തമിഴ്നാട് സ്വദേശിയുമായ രണ്ട് വിദ്യാർത്ഥികൾ പിടിയിലായി.
മൊത്തം 850 ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും 2 ഫ്ലാറ്റ് ഉടമകളും ഒരു കാരിയറും അടക്കം 11 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. അന്വേഷണം തുടരുന്നതായി അനേക്കൽ പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.