സംസ്ഥാനം കടുത്ത വരള്‍ച്ചയില്‍;ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി;വിമർശനവുമായി കർഷക സംഘടനകളും ബിജെപിയും!

ബെംഗളൂരു : കർണാടകത്തിൽ വരൾച്ചയെ നേരിടാൻ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കാലവർഷം ദുർബലമായിരിക്കുമെന്ന ജ്യോതിഷ പ്രവചനത്തെ തുടർന്നാണ് ശൃംഗേരി മഠത്തിൽ പൂജ നടത്താനുളള കുമാരസ്വാമിയുടെ തീരുമാനം.

വിമർശനവുമായി കർഷക സംഘടനകളും ബിജെപിയും രംഗത്തെത്തി.കടുത്ത വിശ്വാസിയാണ് എച്ച് ഡി കുമാരസ്വാമി. മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതായാലും മകനെ സ്ഥാനാർത്ഥിയാക്കുന്നതായാലും ജ്യോതിഷികളും പൂജാരിമാരും പറയാതെ, പൂജകളും യാഗങ്ങളും നടത്താതെ കുമാരസ്വാമി തീരുമാനമെടുക്കില്ല.

എന്നാലിപ്പോൾ സംസ്ഥാനം വരൾച്ചയിൽ വലയുമ്പോഴും യാഗത്തിനൊരുങ്ങുന്ന മുഖ്യമന്ത്രി വിമർശനം ക്ഷണിച്ചുവരുത്തുകയാണ്.കർണാടകത്തിൽ 26 ജില്ലകളിലായി 2150 ഗ്രാമങ്ങൾ വരൾച്ചാ ബാധിതമാണ്. കുടിവെളളത്തിന് പോലും പെടാപ്പാട്. ഇരുപത് ലക്ഷം ഏക്കറിനടുത്താണ് കൃഷിനാശം.  വരൾച്ച നേരിടാൻ സർക്കാർ നടപടികൾ പര്യാപ്തമല്ലെന്ന വിമർശനം സജീവമാണ്.

ഇതിനിടയിലാണ് പ്രശസ്ത ജ്യോതിഷി ദ്വാരകനാഥ് വക മുഖ്യമന്ത്രിക്കുളള മുന്നറിയിപ്പ്. കാര്യമായി മഴ കിട്ടാനിടയില്ല. മഴ ദേവനായ വരുണനെ പൂജിക്കണം. യാഗം വേണം. അതനുസരിച്ച മുഖ്യമന്ത്രി ഋഷ്യശൃംഗ യാഗത്തിന് തയ്യാറെടുക്കാൻ ശൃംഗേരി മഠത്തിന് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ.

പൂജ നടക്കുമെന്ന് മഠം അധികൃതരും സ്ഥിരീകരിച്ചു. ക്ഷേത്ര ഭരണ വകുപ്പിന്‍റേതാണ് തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പ്രതികരണം. യാഗത്തിനല്ല ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കുന്നതിനാവണം പരിഗണനയെന്ന് ബിജെപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൂജയ്ക്ക് മുടക്കുന്ന പണം കുടിവെളളമെത്തിക്കാൻ ഉപയോഗിക്കണമെന്ന് കർഷക സംഘടനകളും ആവശ്യപ്പെട്ടു. ഇതാദ്യമല്ല മഴപെയ്യാൻ കർണാടകത്തിൽ സർക്കാർ ചെലവിൽ പൂജ. 2017ൽ സിദ്ധരാമയ്യ സർക്കാർ കാവേരി തീരത്തെ ഹോമത്തിന് നീക്കിവച്ചത് 20 ലക്ഷം രൂപയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us