കേരളത്തില്‍ കനത്ത പോളിംഗ്;നിരവധി സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രം പണി മുടക്കി;ചിഹ്നം മാറി വോട്ട് വീഴുന്നു എന്ന പരാതി ഉന്നയിച്ച ആള്‍ക്ക് ആരോപണം തെളിയിക്കനായില്ല;കേസെടുത്തു.

തിരുവനന്തപുരം : തിരുവനന്തപുരത്ത് കോവളത്തും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവെന്ന് പരാതി. കോവളം നിയോജകമണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ ചെയ്യുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായാണ് പരാതി ഉയര്‍ന്നത്. കോവളം ചൊവ്വരയിലെ 151-ാം നമ്പര്‍ ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഹരിദാസ് എന്ന വോട്ടറാണ് വോട്ട ശേഷം പരാതി ഉന്നയിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച പോളിംഗ്  വെറെ വോട്ടിംഗ് യന്ത്രമെത്തിച്ച ശേഷമാണ് പുനരാരംഭിക്കാൻ കഴിഞ്ഞത്.

വോട്ടിംഗ് സംബന്ധിച്ച പരാതി ഉയർന്നാൽ ടെസ്റ്റ് വോട്ട് ചെയ്ത് പരാതി പരിശോധിക്കാൻ സംവിധാനമുണ്ട്. എന്നാൽ തെറ്റെന്ന് തെളിഞ്ഞാൽ പൊലീസ് കേസാവുമെന്നതിനാൽ പരാതി ഉന്നയിച്ച് രംഗത്തെത്തിയ ഹരിദാസ് പരാതിയിൽ ഉറച്ചുനിന്നില്ല. എന്നാൽ പ്രശ്നം യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ ഏറ്റെടുത്തു. മോക് പോളിംഗിനിടെ പ്രശ്നം ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നാണ് വിവരം. പരാതി ഉയരും മുൻപ് പോൾ ചെയ്ത 76 വോട്ടിന്‍റെ വിവിപാറ്റ് സ്ലിപ്പ് പരിശോധിക്കണമെന്ന് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു. എൽഡിഎഫ് പ്രിസൈഡിംഗ് ഓഫീസറോട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടിട്ടുമുണ്ട്.  ശശി തരൂരും സി ദിവാകരനും സ്ഥലത്ത് എത്തി. എന്നാൽ മെഷീനിനെ സ്വിച്ച് പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നത് മാത്രമാണ് പ്രശ്നമെന്ന് ഇലക്ഷൻ ഓഫീസർ വിശദീകരിക്കുന്നത്.

ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വോട്ടിംഗ് മുന്‍പുള്ള മോക്ക് പോളിംഗിലും  പ്രശ്നം നേരിട്ടിരുന്നു. കിഴക്കേ ചേര്‍ത്തല  40 എന്‍എസ്എസ് കരയോഗം 88-ാം നമ്പര്‍ ബൂത്തിലാണ് ഏത് ചിഹ്നത്തില്‍ കുത്തിയാലും താമരയ്ക്ക് തെളിയുന്നതായി കണ്ടത്. മോക്ക് പോളിംഗില്‍ ഈ പാളിച്ച കണ്ടതിനെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വരികയും വോട്ടിംഗ് മെഷീന്‍ മാറ്റി പുതിയ മെഷീന്‍ സ്ഥാപിച്ച് പോളിംഗ് ആരംഭിക്കുകയും ചെയ്തു.

തിരുവനന്തപുരം മണ്ഡലത്തിലെ തന്നെ പട്ടത്തും വോട്ട് മാറിപ്പോകുന്ന  പരാതി ഉയർന്നു. ഇവടെ ടെസ്റ്റ് വോട്ട് നടന്നപ്പോൾ പരാതി തെറ്റെന്ന് തെളിഞ്ഞു. പരാതി ഉന്നയിച്ച എബിൻ എന്ന വോട്ടർക്ക് എതിരെ പോലീസ് കേസ് എടുത്തു.

വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ അറിയിച്ചു . ഇക്കാര്യം പ്രിസൈഡിങ് ഓഫീസർ  ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം. പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ ഉടൻ പോലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ആരോപണം തെറ്റാണെന്നും വോട്ടിംഗ് യന്ത്രത്തിന്‍റെ സ്വിച്ചിന് ഉണ്ടായ പ്രശ്നമാണെന്നും കളക്ടര്‍ വാസുകി വിശദീകരിച്ചു. വോട്ടിംഗ് മെഷീനിലെ പിഴവിനെ കുറിച്ച് ഉയര്‍ന്ന പരാതി സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി പറയുന്ന് കേൾക്കാം:

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us