അംഗങ്ങൾക്ക് സഭാധ്യക്ഷനിൽ വിശ്വാസമുണ്ടാകണം, ശബ്ദരേഖയിലെ സത്യം പുറത്തുകൊണ്ടുവരണം; വികാരാധീനനായി സ്പീക്കർ!

ബെംഗളൂരു: കൂറുമാറുന്നവരെ സംരക്ഷിക്കുന്നതിന് സ്പീക്കർക്ക് 50 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന്‌ ശബ്ദരേഖയിലെ പരാമർശമാണ് സ്പീക്കറെ വികാരധീനനാക്കിയത്. നിയമസഭയുടെ അന്തസ്സ്‌ കാത്തുസൂക്ഷിക്കണമെന്ന് അംഗങ്ങളെ ഓർമപ്പെടുത്തിക്കൊണ്ടാണ് സ്പീക്കർ കെ.ആർ. രമേശ് കുമാർ സംസാരിച്ചത്.

“എന്റെ വാടകവീടിനുമുന്നിൽ പദവി സൂചിപ്പിക്കുന്ന ബോർഡ് പോലും വെച്ചിട്ടില്ല. ഞാൻ ഇതിന് മുമ്പ് സ്പീക്കറും മന്ത്രിയുമായിട്ടുണ്ട്. അച്ഛനും അമ്മയും പഠിപ്പിച്ച മാർഗത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. എനിക്ക് ആരെങ്കിലും പണം തന്നാൽ സൂക്ഷിക്കാൻ പോലും വീട്ടിൽ സ്ഥലമില്ല.

അനാവശ്യമായി വിവാദത്തിലേക്ക് സ്പീക്കർപദവി വലിച്ചിഴച്ചതിൽ വേദനയുണ്ട്. ശബ്ദരേഖയിലെ ഉള്ളടക്കത്തെക്കുറിച്ച് ചർച്ചചെയ്യുന്നത് നിയമസഭയുടെ അന്തസ്സിന് യോജിച്ചതല്ല. അംഗങ്ങൾക്ക് സഭാധ്യക്ഷനിൽ വിശ്വാസമുണ്ടാകണം. ഏതെങ്കിലും അംഗങ്ങൾ സ്പീക്കർക്കെതിരേ ശബ്ദരേഖയിലുള്ള പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ ഈ പദവിയിൽ തുടരില്ല.

ശബ്ദരേഖയിലെ സത്യം പുറത്തുകൊണ്ടുവരണം. ശബ്ദരേഖ ഞാൻ കേട്ടിട്ടുണ്ട്. സ്പീക്കർക്ക് 50 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഒരാൾ മറ്റൊരാളോട് പറയുന്നുണ്ട്. പണം എം.എൽ. എ.മാരുടെ രാജി സ്വീകരിക്കാനാണെന്നും പറയുന്നു. ഇതിന്റെ പിന്നിലെ സത്യം കണ്ടെത്തണം. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം.

തന്റെ മേലുള്ള പുകമറ 15 ദിവസത്തിനുള്ളിൽ ഒഴിവാക്കണം. ആരാണ് സംസാരിക്കുന്നതെന്ന് കണ്ടെത്തണം. ഭാര്യയുടെയും മക്കളുടെയും മുഖത്തുനോക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഒരു മിനിറ്റുപോലും പദവിയിലിരിക്കാൻ തോന്നുന്നില്ല. എന്നാൽ വികാരപരമായി തീരുമാനമെടുക്കുന്നില്ല.” സ്പീക്കർ രമേശ് കുമാർ പറഞ്ഞു.

തുടർന്ന് സംസാരിച്ച ഭരണപക്ഷ- പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറിൽ പൂർണവിശ്വാസം പ്രകടിപ്പിച്ചു. മന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിർന്ന നേതാവ് എച്.കെ. പാട്ടീൽ എന്നിവർ വികാരപരമായി തീരുമാനമെടുക്കരുതെന്ന് സ്പീക്കറോട് അഭ്യർഥിച്ചു. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ രാജിവെക്കുമെന്ന അഭ്യൂഹത്തെ തുടർന്നായിരുന്നു അഭ്യർഥന. ബി.ജെ.പി. നേതാവ് സുരേഷ് കുമാർ സ്പീക്കർ രമേശ് കുമാറിനെ പ്രകീർത്തിച്ചു. അപലപനീയ ആരോപണമാണ് ഉയർന്നതെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

സത്യം പുറത്തുകൊണ്ടുവരുന്നതിനായിരിക്കണം അന്വേഷണമെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടാകരുതെന്നും സ്പീക്കർ മുഖ്യമന്ത്രിക്ക് നിർദ്ദേശവും നൽകി. സത്യം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചപ്പോൾ ബി.ജെ.പി.യുടെ ആരോപണം മാനിച്ചാണ് ഈ നിർദ്ദേശം നൽകിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us