കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം ഇന്ന് പുലര്‍ച്ചയാണ് അന്ത്യം. ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശേഷം കാസര്‍കോട് നിന്നുള്ള മുസ്ലീം ലീഗിന്റെ ശക്തനായ നേതാവായിരുന്ന അദ്ദേഹം, ഒരേ സമയം മലയാളികള്‍ക്കിടയിലും കന്നട സംസാരിക്കുന്നവര്‍ക്കിടയിലും സ്വീകാര്യനായിരുന്നു.
2011 മുതല്‍ മഞ്ചേശ്വരം എംഎല്‍എയാണ് പി.ബി.അബ്ദുള്‍ റസാഖ്. മുസ്ലീം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. 1955 ലാണ് പി.ബി.അബ്ദുള്‍ റസാഖിന്റെ ജനനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ലീഗിന്റെ മഞ്ചേശ്വരം എംഎല്‍എ സ്ഥാനാര്‍ത്ഥിയായി മാറ്റി. 89 വേട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ കെ.സുരേന്ദ്രനെ തോല്‍പ്പിച്ച്, അബ്ദുള്‍ റസാഖ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ഇത് സംബന്ധിച്ച് കെ. സുരേന്ദ്രന് നല്കിയ പരാതിയില്‍ ഇപ്പോഴും കേസ് നടക്കുന്നുണ്ട്.
അസുഖവുമായി പി.ബി.അബ്ദുള്‍ റസാഖ് എംഎല്‍എ എത്രകുറെ ഇണങ്ങിപ്പോയിരുന്നു. നല്ലൊരു വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തിന് കാസര്‍കോടിന്റെ വൈവിദ്യത്തെ ഒത്തൊരുമയോടെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞെന്ന് കെ.എന്‍.എ.ഖാദര്‍ എംഎല്‍എ പറഞ്ഞു. മഞ്ചേശ്വരത്തെ ഏറ്റവും ജനകീയ നേതാവാണ് പി.ബി.അബ്ദുള്‍ റസാഖ്, ആദര്‍ശധീരനായ അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും ഇ.ടി.മഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. തന്റെ അടുത്ത സൂഹൃത്തായിരുന്ന പി.ബി.അബ്ദുള്‍ റസാഖിന്റെ മരണത്തില്‍ ഖേദം രേഖപ്പെടുത്തുന്നെന്ന് പി.കരുണാകരന് എം.പി പറഞ്ഞു. മൃതദ്ദേഹം 12 മുതൽ 1 മണി വരെ അദ്ദേഹത്തിന്റെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. തുടര്‍ന്ന് ഉപ്പളയിലും പൊതുദർശനമുണ്ടാകും. ആലമ്പാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ 6 മണിക്കാണ് സംസ്കാരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.