പത്തനംതിട്ട: മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ജസ്‌ന തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുളളതെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജസ്‌നയ്ക്ക് പിന്നാലെ ആണ്‍സുഹൃത്തും വരുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌ന മുണ്ടക്കയത്ത് എത്തിയിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്.
ഇതേ ദൃശ്യത്തില്‍ അല്‍പ്പ സമയത്തിന് ശേഷം ജെസ്‌നയുടെ ആണ്‍സുഹൃത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്‌നയെ എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നതു കണ്ടതായി സാക്ഷി മൊഴിയുണ്ടായിരുന്നു. ഇതിനു തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു. എന്നാല്‍ പിന്നീട് യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.
മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തെ കടയിലെ സിസിടിവി ദൃശ്യത്തിലാണ് ജെസ്‌നയെ കണ്ടെത്തിയത്. ഈ ക്യാമറ ദൃശ്യങ്ങള്‍ നേരത്തെ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പൊലീസിന്റെ സാങ്കേതിക വിദഗ്ധര്‍ നടത്തിയ പരിശ്രമത്തില്‍ ഇവ വീണ്ടെടുത്തു.
കാണാതായ ദിവസം പകല്‍ 11.44 നാണ് ജെസ്‌ന മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തെ കടയ്ക്ക് മുന്നിലൂടെ നടന്നുപോയത് കണ്ടത്. ആറ് മിനിറ്റ് കഴിഞ്ഞ് 11.50 ന് ജെസ്‌നയുടെ ആണ്‍സുഹൃത്തും ഈ ഭാഗത്തുകൂടി തന്നെ നടന്നുപോകുന്നത് കണ്ടു.
എന്നാല്‍ രാവിലെ ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുന്നത് കണ്ടവര്‍ നല്‍കിയ മൊഴി പ്രകാരം ജെസ്‌ന ചുരിദാറായിരുന്നു ധരിച്ചത്. മുണ്ടക്കയത്തെ വീഡിയോയില്‍ ജെസ്‌ന ധരിച്ചത് ജീന്‍സും ടോപ്പുമാണ്. മുണ്ടക്കയത്ത് ജെസ്‌ന ഷോപ്പിങ് നടത്തിയിരിക്കണമെന്നും അവിടെ വച്ച് തന്നെ വസ്ത്രം അഴിച്ചുമാറ്റി പുതിയത് ധരിച്ചിരിക്കാമെന്നുമാണ് പൊലീസിന്റെ നിഗമനം. ഏറ്റവും ചുരുങ്ങിയത് അര മണിക്കൂറെങ്കിലും ജെസ്‌ന ഇവിടെ ഏതെങ്കിലും വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ സമയം ചെലവഴിച്ചിരിക്കുമെന്നാണ് കരുതുന്നത്. ഇതിനിടെ ജസ്‌നയെ ബംഗളൂരുവില്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് ബംഗളൂരുവിലേക്ക് തിരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.