റഷ്യന്‍ ഫിഫ ലോകകപ്പിലെ ആദ്യ സെമി ഫൈനലിന് വിസില്‍ മുഴങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. മുന്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സും കന്നിക്കിരീടം ലക്ഷ്യമിട്ട് റഷ്യയിലെത്തിയ ബെല്‍ജിയവും തമ്മിലാണ് ഒന്നാം സെമി ഫൈനലില്‍ മുഖാമുഖം കൊമ്പുകോര്‍ക്കുന്നത്. ടൂര്‍ണമെന്റില്‍ ഇരു ടീമും മികച്ച ഫോമിലായതിനാല്‍ മല്‍സരഫലം പ്രവചനാതീതമാവും.
കിരീടപോരാട്ടത്തിലേക്ക് വഴിതുറക്കാന്‍ ഫ്രാന്‍സിനും ബെല്‍ജിയത്തിനും വേണ്ടത് ഒരേ ഒരുജയം. പക്ഷേ, കലാശക്കളിയിലേക്കുള്ള കടമ്പകടക്കാന്‍ ഇരുടീമുകളും കൈമെയ് മറന്ന് പോരാടേണ്ടിവരും. കാരണം റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗിലെ ആദ്യ സെമിഫൈനലില്‍ മുഖാമുഖം വരുന്നത്. ഇന്ന് രാത്രി 11.30-നാണ് ഫ്രാന്‍സും ബെല്‍ജിയവും നേര്‍ക്കുനേര്‍വരുന്നത്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഫ്രാന്‍സും ബെല്‍ജിയവും മുഖാമുഖം വരുന്നത്. ഇതിനു മുന്‍പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഫ്രാന്‍സിനായിരുന്നു ജയം. 1938ല്‍ ഫ്രാന്‍സില്‍ തന്നെ അരങ്ങേറിയ ലോകകപ്പില്‍ ഇരു ടീമും ലോകകപ്പില്‍ ആദ്യമായി നേര്‍ക്കുനേര്‍ വന്നത്. അവസാന 16ല്‍ ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഫ്രാന്‍സ് 3-1ന് ബെല്‍ജിയത്തെ തോല്‍പ്പിക്കുകയായിരുന്നു.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് ബെല്‍ജിയവും ഫ്രാന്‍സും തമ്മില്‍ വീണ്ടും ലോകകപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. 1986ല്‍ മെക്‌സിക്കോയില്‍ അരങ്ങേറിയ ലോകകപ്പിലായിരുന്നു ഈ കൂടിക്കാഴ്ച്ച. മൂന്നാം സ്ഥാനത്തിനു വേണ്ടി ഇരു ടീമും ഒപ്പത്തിനൊപ്പം പൊരുതിയപ്പോള്‍ നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായി സ്‌കോര്‍. പക്ഷേ, അധികസമയത്ത് ഫ്രാന്‍സ് രണ്ട് തവണ നിറയൊഴിച്ചപ്പോള്‍ മല്‍സരത്തില്‍ ബെല്‍ജിയം രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.
ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിക്കാനായിട്ടില്ലെങ്കിലും അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇരു ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴുള്ള കണക്കു പുസ്തകത്തില്‍ ബെല്‍ജിയത്തിനാണ് മുന്‍തൂക്കം. ഇരു ടീമും 73 തവണയാണ് പരസ്പ്പരം കൊമ്പുകോര്‍ത്തത്. അതില്‍ 30 മല്‍സരങ്ങളില്‍ ബെല്‍ജിയം വെന്നിക്കൊടി നാട്ടിയപ്പോള്‍ ഫ്രാന്‍സിന് 24 മല്‍സരങ്ങളിലാണ് ജയിക്കാനായത്. 19 മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
റഷ്യയില്‍ ഫ്രാന്‍സിന്റേത് പതിഞ്ഞ തുടക്കമായിരുന്നു. എന്നാല്‍ നോക്കൗട്ട് ഘട്ടത്തില്‍ ടീം കരുത്ത് പുറത്തെടുത്തു. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെയും ക്വാര്‍ട്ടറില്‍ യുറഗ്വായെയും തോല്‍പ്പിച്ചത് കളിമികവും തന്ത്രങ്ങളും സമംചേര്‍ത്തായിരുന്നു.
കരീം ബെന്‍സേമ, ആന്റണി മാര്‍സ്യാല്‍ തുടങ്ങിയ ലോകഫുട്ബോളിലെ മികച്ച ഒരു സംഘം കളിക്കാരെ പുറത്തിരുത്തിയാണ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് റഷ്യന്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. അന്നുയര്‍ന്ന വിമര്‍ശനങ്ങളെ കളിക്കളത്തിലെ പ്രകടനത്തോടെ മാറ്റിയെടുക്കാന്‍ ടീമിനായി. ഗ്രൂപ്പ് ഘട്ടത്തില്‍ കടലാസിലെ കരുത്ത് പൂര്‍ണമായും പുറത്തെടുക്കാന്‍ കഴിയാതെപോയ ടീം ഒരോ കളിയും കഴിയുന്തോറും മെച്ചപ്പെട്ടു.
ഈ ടൂര്‍ണമെന്റിലെ കറുത്തകുതിരകളാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ടീമാണ് ബെല്‍ജിയം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേയും പ്രീക്വാര്‍ട്ടറില്‍ ജപ്പാനെതിരെ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചുകയറിയ ടീം ഒടുങ്ങാത്ത പോരാട്ടവീര്യമുണ്ടെന്ന് തെളിയിച്ചു. ബ്രസീലിനെതിരെ പ്രതിരോധാത്മക ഫുട്ബോള്‍ കളിക്കാമെന്നും റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ ടീം തെളിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.