ബെംഗളൂരു :രാജ്യത്തിന്റെ നാനാഭാഗത്തും നടക്കുന്ന സ്ത്രീകൾക്ക് എതിരെയുള്ള അക്രമണ സംഭവങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടി. 12 വയസ്സു മുതൽ അനാഥയായ പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തുകയും അനാശാസ്യത്തിന് ഉപയോഗിക്കുകയും ചെയ്ത എട്ടംഗ സംഘ പോലീസ് പിടിയിൽ.
ഇപ്പോൾ പെൺകുട്ടിക്ക് 17 വയസ്സുണ്ട് 10 വർഷം മുൻപ് അമ്മ മരിച്ചതോടെ അനാഥയായ പെൺകുട്ടിയെ എട്ടംഗ സംഘം ചൂഷണം ചെയ്യുകയായിരുന്നു.
സഗായ് രാജ, മേരി, ആശ, ജെസീക്ക, വീരേഷ്, ഭരത്, മുരളി, രഘു എന്നിവരെയാണ് പുട്ടനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വർഷമായി ഇവർ പീഡിപ്പിച്ചതായും ഇപ്പോൾ 17 വയസ്സുള്ള പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ കഴിഞ്ഞ വർഷം തമിഴ്നാട്ടിലെ വില്ല്വപുരത്തുനിന്നു രക്ഷിച്ച പെൺകുട്ടി കഴിഞ്ഞമാസം നടത്തിയ കൗൺസലിങ്ങിലാണ് സന്നദ്ധ സംഘടനാ പ്രവർത്തകയോട് തന്റെ ദുരിതങ്ങൾ വിവരിച്ചത്.
അച്ഛൻ ഉപേക്ഷിച്ച പെൺകുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. അമ്മയുടെ മരണശേഷം പ്രതികളിൽ ഒരാളായ ആശ പെൺകുട്ടിയെ ജെസിക്കയുടെ ഭർത്താവ് വീരേഷിന്റെ അടുത്തേക്കയച്ചു. ഇവർ പിന്നീട് പെൺകുട്ടിയെ പലർക്കും കാഴ്ചവച്ചു. കഴിഞ്ഞവർഷം ഇവരുടെ വീട്ടിൽനിന്ന് രക്ഷപ്പെട്ട് വില്ല്വപുരം ബസ് സ്റ്റാൻഡിലെത്തി. എന്നാൽ വീരേഷ് അറിയിച്ചതിനെ തുടർന്നു ഭരത് എത്തി പെൺകുട്ടിയെ ബലംപ്രയോഗിച്ചു കൊണ്ടുപോകാൻ നോക്കി. ഇതു ശ്രദ്ധയിൽപ്പെട്ടവർ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു.