ഒരിടത്ത് നോട്ട് കിട്ടാനില്ല ,മറ്റൊരിടത്ത് വ്യാജനോട്ടുകള്‍ പിടിക്കുന്നു;ഇപ്പോള്‍ കര്‍ണാടകയില്‍ നടക്കുന്നത് ഇതാണ്.

ബെംഗളൂരു : നോട്ട് നിരോധനത്തിന്റെ ഓർമകളുമായി എടിഎമ്മുകളിൽ വീണ്ടും നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നതിനിടെ, ബെളഗാവിയിൽ നിന്നു പിടിച്ചത് ഏഴു കോടി രൂപയുടെ വ്യാജനോട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിജയാപുര സ്വദേശി അജിത് കുമാർ നിഡോണിയെ വിശദമായി ചോദ്യം ചെയ്തു വരുന്നു. വിശ്വേശ്വരനഗർ പൊതുമരാമത്ത് വകുപ്പ് ക്വാർട്ടഴ്സിനു സമീപത്തെ വീട്ടിൽ ഇന്നലെ പുലർച്ചെ നടത്തിയ റെയ്ഡിൽ 500 രൂപയുടെ 23,500 നോട്ടുകളും രണ്ടായിരം രൂപയുടെ 29,300 നോട്ടുകളാണു പിടികൂടിയത്. വോട്ടർമാർക്കു വിതരണം ചെയ്യാൻ എത്തിച്ചതാണിതെന്നു പൊലീസ് സംശയിക്കുന്നു.

കർണാടകയിൽ കഴിഞ്ഞ നാലു ദിവസങ്ങളായി പൊതുമേഖലാ ബാങ്കുകളുടേത് ഉൾപ്പെടെ ബഹുഭൂരിപക്ഷം എടിഎമ്മുകളും നിശ്ചലമാണ്. തിരഞ്ഞെടുപ്പിനു മുൻപു കേന്ദ്ര സർക്കാർ മനഃപൂർവം സൃഷ്ടിക്കുന്ന പണക്ഷാമമാണിതെന്ന് ആരോപണവും ഉയർന്നു. എടിഎമ്മുകൾക്കു മുന്നിൽ ക്യൂ നിൽക്കുന്ന ജനങ്ങളും ബാങ്ക് ജീവനക്കാരുമായുള്ള വാക്കുതർക്കങ്ങൾ നോട്ട് നിരോധന കാലത്തിനു സമാനമായ സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നത്.പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്ന് ബാങ്ക് ഉദ്യോഗസ്ഥർ ഇടപാടുകാരെ ആശ്വസിപ്പിക്കാൻ പറയുന്നുണ്ടെങ്കിലും, അടുത്ത ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയില്ലെന്നാണ് വിവരം.

ഹോം ബ്രാഞ്ചുകളിൽ അര ലക്ഷത്തിലേറെ രൂപയുടെ ചെക്ക് മാറണമെങ്കിൽ ഒരു ദിവസം മുൻപേ അറിയിച്ചിരിക്കണമെന്നാണു നിർദേശം. എടിഎമ്മുകളിൽ നിറയ്ക്കാൻ വേണ്ടത്ര പണം റിസർവ് ബാങ്ക് ചെസ്റ്റിൽനിന്നു ലഭിക്കുന്നില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം സമ്മതിക്കുന്നുണ്ട്.എന്നാൽ തുടർച്ചയായുള്ള അവധികൾ കാരണം, എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികളും ബാങ്കുകളും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് പണക്ഷാമത്തിനു പിന്നിലെന്നാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us