ബെംഗളൂരു: പെരുമാറ്റച്ചട്ടത്തിൽ ഇളവുകൾ തേടി ബിജെപി നേതൃത്വം. ‘മുഷ്ടി ധാന്യ അഭിയാൻ’ സമാപനം ബി.എസ്. യെഡിയൂരപ്പയുടെ വസതിയിൽ സംഘടിപ്പിക്കുന്നതിന് അനുമതി നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ബിജെപി ഉന്നയിച്ചിരിക്കുന്നത്. കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമൂഹസദ്യ നടത്തുന്നതിലൂടെ ഗ്രാമീണ മേഖലയിലെ വോട്ടർമാരെ കയ്യിലെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.
കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവഡേക്കറിന്റെയും എച്ച്.എൻ അനന്തകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യമാവശ്യപ്പെട്ടു തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്. സംസ്ഥാനത്തെ പൊലീസ് വകുപ്പ് കോൺഗ്രസിന്റെ പാവകളെ പോലെയാണ് പെരുമാറുന്നതെന്നും നേതാക്കൾ ആരോപിച്ചു.
സ്വകാര്യ കെട്ടിടങ്ങളിലെ ചുവരെഴുത്തിനുള്ള നിയന്ത്രണം, ഉച്ചഭാഷിണി ഉപോയോഗിക്കുന്നതിന് അനുമതി നൽകുന്നതിനായുള്ള ഏകജാലക സംവിധാനം, പ്രചാരണത്തിന് ഹെലിക്കോപ്റ്ററുകളും വാഹനങ്ങളും ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം ലഘൂകരിക്കണം, ക്ഷേത്രങ്ങളിൽ ഉയർത്തിയിരിക്കുന്ന കാവി പതാക നീക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ തടയണം തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാറിനു നൽകിയ നിവേദനത്തിലുണ്ട്. എംപിമാരായ ശോഭാ കരന്തലാജെ, പി.സി മോഹൻ, ആർ.അശോക എംഎൽഎ തുടങ്ങിയവരും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.
‘പ്രചാരണം തടസ്സപ്പെടുത്തുന്നു’
മാർച്ച് 21 മുതൽ സംഘടിപ്പിച്ച മുഷ്ടി ധാന്യ അഭിയാന്റെ ഭാഗമായി സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലെയും കർഷക ഭവനങ്ങളിൽ നിന്നും ഒരു പിടി അരിയോ ചോളമോ ബിജെപി പ്രവർത്തകർ സ്വരൂപിച്ചിരുന്നു. ഇതു നഗരങ്ങളിലും ഗ്രാമങ്ങളിലും സമൂഹസദ്യ നടത്താനായി ഉപയോഗിച്ചു വരുന്നു. ഈ പരിപാടിയുടെ സമാപനമാണ് യെഡിയൂരപ്പയുടെ വസതിയിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്.
എന്നാൽ കർഷകർ എത്തുന്നതിനെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ വിലക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിലാണ് പദ്ധതിക്കു തുടക്കമായതെന്നും തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപെ മുഷ്ടി ധാന്യ അഭിയാൻ പ്രഖ്യാപിച്ചതായും ഇവർ കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തി.