ജംഷദ്പൂരിന്റെ സെമി സ്വപ്നങ്ങൾക്ക് ചുവപ്പ് കാർഡ് വാങ്ങികൊടുത്ത് സുബ്രതാ പോൾ. പ്ലേ ഓഫിനു വേണ്ടി ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് നടന്ന നിർണായക മത്സരത്തിൽ എഫ് സി ഗോവയെ നേരിട്ട ആശാന്റെ ടീമിന്റെ വിധി ആദ്യ നിമിഷങ്ങളിൽ തന്നെ തീരുമാനമായി. ഏഴാം മിനുട്ടിൽ ചുവപ്പ് കാർഡ് വാങ്ങി ഗോൾകീപ്പർ സുബ്രതാ പോളാണ് കളിയുടെ വിധി എഴുതിച്ചത്.
പെനാൾട്ടി ബോക്സിനു പുറത്ത് നിന്ന് ബോൾ കൈ കോണ്ട് തടഞ്ഞതിനാണ് സുബ്രത റെഡ് കണ്ടത്. പിന്നീട് എഫ്സി ഗോവയുടെ ജയത്തിലേക്കുള്ള വഴി എളുപ്പമായി. കോറോ ഇരട്ട ഗോളും ലാൻസറോട്ടെ ഒരു ഗോളും നേടിയപ്പോൾ മൂന്നു ഗോളിന്റെ ഏകപക്ഷീയമായ ജയം ലൊബേറയുടെ ടീം സ്വന്തമാക്കി.
75ആം മിനുട്ടിൽ ഗോവ ഗോൾകീപ്പർ നവീൺ കുമാറും സുബ്രതാ പോൾ ചുവപ്പ് കണ്ട സമാനമായ ഫൗളിൻ ചുവപ്പ് കണ്ടു. പക്ഷെ അത് മുതലാക്കാനുള്ള സമയം ജംഷദ്പൂരിനുണ്ടായില്ല. ജയത്തോടെ എഫ് സി ഗോവ മൂന്നാം സ്ഥാനം സ്വന്തമാക്കി.
ഇന്നത്തെ രണ്ടാം മത്സരവും സീസണിലെ അവസാന ലീഗ് മത്സരത്തിൽ എ ടി കെക്ക് ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് എ ടി കെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. റോബി കീനിനു കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ എ ടി കെ കഴിഞ്ഞ 8 മത്സരത്തിനിടെ ആദ്യ ജയം സ്വന്തമാക്കുകയായിരുന്നു. ഇടക്കാല കോച്ച് ആഷ്ലി വെസ്റ്റ് വുഡിനെ മാറ്റിയാണ് കളിക്കാരൻ കൂടിയായ റോബി കീൻ എ ടി കെയുടെ പരിശീലകനായത്.
മത്സരം തുടങ്ങി പത്താം മിനുട്ടിൽ തന്നെ ആതിഥേയരായ എ ടി കെ മത്സരത്തിൽ ഗോൾ നേടി. കോണോർ തോമസിന്റെ മനോഹരമായ പാസ് സ്വീകരിച്ച റോബി കീൻ ആദ്യ ടച്ചിലൂടെ തന്നെ നോർത്ത് ഈസ്റ്റ് ഗോൾ വല കുലുക്കുകയായിരുന്നു.
ഗോൾ വഴങ്ങി തൊട്ടടുത്ത മിനുട്ടിൽ തന്നെ ജോൺ മോസ്ക്വാര നോർത്ത് ഈസ്റ്റിന് വേണ്ടി ഗോൾ മടക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു. തുടർന്ന് ജോൺ മോസ്ക്വാരക്ക് ലഭിച്ച സുവർണാവസരം താരം നഷ്ട്ടപെടുത്തിയതും നോർത്ത് ഈസ്റ്റിനു തിരിച്ചടിയായി. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോൾ നേടാൻ ശ്രമിച്ചെങ്കിലും രണ്ടു ടീമിനും ലക്ഷ്യം കാണാനായില്ല.
ഇന്നത്തെ മത്സത്തിൽ തോറ്റതോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗിൽ അവസാന സ്ഥാനത്തായി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് 18 മത്സരങ്ങളിൽ നിന്ന് 11 പോയിന്റാണ് ഉള്ളത്. ഇന്നത്തെ മത്സരം ജയിച്ച എ ടി കെക്ക് 18 മത്സരങ്ങളിൽ നിന്ന് 16 പോയിന്റോടെ ലീഗിൽ ഒൻപതാം സ്ഥാനത്താണ്.
ഇന്നത്തെ മത്സരത്തോടെ ഈ സീസണിലെ ലീഗ് മത്സരങ്ങൾ പൂർത്തിയായി. ഇരുപാദങ്ങളിലുമായി സെമിഫൈനൽ ഫോർമേഷനിൽ നടക്കുന്ന മത്സരത്തിലെ ആദ്യ പാദ സെമിയിൽ ഒന്നാം സ്ഥാനക്കാരായ ബാഗ്ലൂരു എഫ്സി നാലാം സ്ഥാനക്കാരായ പൂനെ സിറ്റി എഫ്സിയെ വരുന്ന ബുധനാഴ്ച നേരിടും.
രണ്ടാം സ്ഥാനക്കാരായ ചെന്നെയേൻ എഫ്സി മുന്നാം സ്ഥാനക്കാരായ എഫ്സി ഗോവയെ വരുന്ന ശനിയാഴ്ചയും നേരിടും.
ലീഗ് മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിൻ്റ് പട്ടിക ഇങ്ങനെ.