ബെംഗളൂരു :ബിബിഎംപിയുടെ എല്ലാ വാർഡുകളിലും ഖരമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച മുൻ ഉത്തരവ് നടപ്പാക്കാത്തതിനു ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) യ്ക്ക് ഹൈക്കോടതി അൻപതിനായിരം രൂപ പിഴയിട്ടു. ബാഗളൂർ, മിറ്റിഗനഹള്ളി, ബെല്ലഹള്ളി എന്നിവിടങ്ങളിലെ പാറമടകളിൽ ബിബിഎംപി ഖരമാലിന്യം തള്ളുന്നതു സംബന്ധിച്ച് സമർപ്പിച്ച പൊതുതാൽപര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.
2012 മുതൽ കേസിൽ വാദം കേൾക്കുന്ന കോടതി, ഖരമാലിന്യ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ എല്ലാ വാർഡുകളിലും അധിക പ്ലാന്റ് സ്ഥാപിക്കാനും ഓരോ വാർഡിലും പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ സ്ഥലം വാർഡ് സമിതികൾ കണ്ടെത്തി ഡിസംബർ എട്ടിന് കർമപദ്ധതി സമർപ്പിക്കാനും കഴിഞ്ഞ നവംബറിൽ കോടതി ബിബിഎംപിയോട് നിർദേശിച്ചിരുന്നു.
ഇതിൽ വീഴ്ച വരുത്തിയതായി കണ്ടതിനെ തുടർന്നാണ് ബിബിഎംപിയോട് അൻപതിനായിരം രൂപ പിഴയടക്കാൻ ജസ്റ്റിസുമാരായ ബി.എസ്.പട്ടേൽ, ബി.വി.നാഗരത്ന എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടത്. വീഴ്ച വരുത്തിയ വാർഡ് സമിതികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടിയെടുക്കാനും കോടതി നിർദേശിച്ചു. കേസ് മാർച്ച് 28നു വീണ്ടും പരിഗണിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.