മലിനീകരണം ക്രമാതീതമായ ഡൽഹിയിലേതു പോലുള്ള സാഹചര്യം ഒഴിവാക്കാൻ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു ഗതാഗത മന്ത്രി എച്ച്.എം.രേവണ്ണയും വ്യക്തമാക്കി. നിലവിൽ ബെംഗളൂരു ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ–റിക്ഷകൾക്കു സർവീസ് നടത്താൻ അനുമതിയുണ്ട്. വാഹനങ്ങൾക്കു മണിക്കൂറിൽ ശരാശരി 25 കിലോമീറ്റർ മാത്രം വേഗമുള്ള ബെംഗളൂരുവിൽ വേഗം കുറഞ്ഞ ഇ–റിക്ഷകൾ ഗതാഗതക്കുരുക്കു രൂക്ഷമാക്കുമോ എന്നതായിരുന്നു ആശങ്ക.
ഇതേ കാരണത്താൽ ട്രാഫിക് പൊലീസ് ഇ–റിക്ഷ സർവീസുകളുടെ കാര്യത്തിൽ തീരുമാനം വ്യക്തമാക്കിയിട്ടില്ല. എന്നാൽ വാഹനങ്ങൾ മൂലമുള്ള മലിനീകരണം കൂടിവരുന്ന നഗരത്തിൽ പ്രകൃതി സൗഹൃദ ഇ–റിക്ഷകൾ അനുവദിക്കാൻ ഗതാഗതവകുപ്പ് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. സർക്കാരിന്റെ ഇ–മൊബിലിറ്റി നയമനുസരിച്ചു നഗരത്തിൽ ഇ–റിക്ഷകൾ അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടൻ ഇറക്കുമെന്നു ഗതാഗത കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു.
ബെംഗളൂരുവിൽ നിലവിൽ 1.8 ലക്ഷം ഓട്ടോറിക്ഷകളുണ്ട്. സർക്കാർ നിശ്ചയിക്കുന്ന നിരക്കിലേ ഇ–റിക്ഷകൾ സർവീസ് നടത്താനാകൂ. തിരക്കേറിയ ഭാഗങ്ങളിൽ ഇ–റിക്ഷകൾ ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നതിനാൽ ഇവയ്ക്കു പ്രത്യേകം റൂട്ടുകൾ അനുവദിച്ചേക്കും. ഗതാഗതക്കുരുക്ക് രൂക്ഷമാകാത്ത രീതിയിൽ ഇ–റിക്ഷകൾക്കു ഗതാഗതവകുപ്പ് അനുമതി നൽകിയാൽ എതിർക്കില്ലെന്ന നിലപാടിലാണ് ട്രാഫിക് പൊലീസ്.