ഇന്ത്യൻ സിനിമ മൽസര വിഭാഗത്തിൽ നാലു മലയാള ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി അവാർഡ് നേടിയ മഹേഷ് നാരായണന്റെ ടേക്ക് ഓഫ്, പ്രിയനന്ദൻ സംവിധാനം ചെയ്ത പാതിരാകാലം, ഹരികുമാറിന്റെ ക്ലിന്റ്, ടി.ദീപേഷിന്റെ ‘സ്വനം’ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ലോക സിനിമ വിഭാഗത്തിൽ 68 സിനിമകളും ഏഷ്യൻ സിനിമയിൽ 13ഉം ഇന്ത്യൻ സിനിമാ വിഭാഗത്തിൽ 14ഉം കന്നഡ സിനിമാ വിഭാഗത്തിൽ 12 ചിത്രങ്ങളുമാണ് മൽസരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
ചലച്ചിത്രമേളയിൽ കൺട്രി ഫോക്കസ് വിഭാഗത്തിൽ തായ്ലാന്റ്, കന്നഡ, ജർമനി, ലാറ്റിൻ അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. റെട്രോസ്പെക്റ്റീവ് വിഭാഗത്തിൽ റഷ്യൻ സംവിധായകൻ അലക്സെ ബാലബനോവ്, മറാത്തി സംവിധായകരായ സുമിത്ര ഭാവെ, കന്നഡ സംവിധായകൻ എൻ.ലക്ഷ്മിനാരായണൻ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഹോമേജസ് വിഭാഗത്തിൽ പർവതമ്മ രാജ്കുമാർ, ആർ.എൻ.സുന്ദർശൻ, കാശിനാഥ്, കെ.ചന്ദ്രശേഖർ, കൃഷ്ണകുമാരി, ബി.വി.രാധ, ശശികപൂർ എന്നിവർക്കാണ് ആദരാഞ്ജലികൾ അർപ്പിച്ചുള്ള പ്രദർശനം.ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫി.പ്രസി), നെറ്റ്പാക്ക് അവാർഡ് വിന്നേഴ്സ് ചിത്രങ്ങളുടെ പ്രദർശനമുണ്ട്.
മേളയിൽ പങ്കെടുക്കുന്നവർക്കുള്ള ഡെലിഗേറ്റ് പാസ് വിതരണം 20 വരെ തുടരും. ഓൺലൈൻ റജിസ്ട്രേഷന് പുറമെ കർണാടക ചലനച്ചിത്ര അക്കാദമിയുടെ നന്ദിനി ലേഓട്ടിലെ ഓഫീസ്, ഇൻഫൻട്രി റോഡിലെ കർണാടക ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഓഫീസ്, റേസ് കോഴ്സ് റോഡിലെ കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് ഓഫിസ്, ബനശങ്കരി സെക്കൻഡ് സ്റ്റേജിലെ സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളിൽ പാസ് വിതരണ കേന്ദ്രങ്ങളുണ്ട്.
ഓപ്പൺ കാറ്റഗറിക്ക് 600 രൂപയും വിദ്യാർഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, 60വയസ് കഴിഞ്ഞവർ എന്നിവർക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. അപേക്ഷിക്കുന്നവർ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖ എന്നിവ നൽകണം. വെബ്സൈറ്റ്: www.biffes.in
ഡെലിഗേറ്റുകൾക്കുള്ള പ്രദർശനം 23ന് രാവിലെ പത്തിന് ആരംഭിക്കും. 12 സ്ക്രീനുകളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. രാജാജിനഗർ ഓറിയോൺ മാളിലെ പിവിആർ സിനിമാസിലെ 11 സ്ക്രീനുകളിലും ചാമരാജ്പേട്ടിലെ കർണാടക ഫിലിം ആർട്ടിസ്റ്റ് അസോസിയേഷന്റെ ഡോ. രാജ് ഭവനിലെ ഒരു സ്ക്രീനിലുമായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. രാവിലെ പത്തിന് ആദ്യ പ്രദർശനവും രാത്രി എട്ടിന് അവസാന പ്രദർശനവും ഉണ്ടായിരിക്കും.