ബെളഗാവി :ആഡംബര കാറുകൾ തീയിട്ടു നശിപ്പിക്കുന്നതു ‘വിനോദ’മാക്കിയ ഡോക്ടർ പിടിയിൽ. ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പതോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. അമീത് ഗെയ്ക്ക്വാദ് (37) ആണു ജാദവ് നഗറിൽനിന്നു പിടിയിലായത്. 11 ആഡംബര കാറുകളാണ് ഇയാൾ കഴിഞ്ഞ ദിവസങ്ങളിലായി കത്തിച്ചത്. കഴിഞ്ഞ 13ന് എട്ടു കാറുകൾ കത്തിച്ചു. വ്യാഴാഴ്ച രാത്രി 9.30നു വിശേശ്വരയ്യ നഗറിൽ നിർത്തിയിട്ടിരുന്ന കാർ കത്തിക്കുന്നതിനിടെ സമീപത്തെ സുരക്ഷാജീവനക്കാരൻ കാണുകയായിരുന്നു.
ഇയാൾ പൊലീസിൽ വിവരമറിയിച്ചതോടെയാണു ഡോക്ടർ പിടിയിലായത്. റോഡരികിൽ പാർക്ക് ചെയ്യുന്ന കാറുകൾക്കു സമീപമെത്തി പെട്രോളിൽ തുണി മുക്കി നീളമുള്ള വടിയുപയോഗിച്ചു കാറിന്റെ ബോണറ്റിലേക്ക് എറിയുകയായിരുന്നു ഇയാളുടെ രീതി. പുലർച്ചെ മൂന്നിനും നാലിനും ഇടയിൽ മുഖംമൂടി ധരിച്ചെത്തിയാണു കാറുകൾ കത്തിച്ചിരുന്നത്.
സിസിടിവി ക്യാമറകൾ ഇല്ലാത്ത സ്ഥലങ്ങൾ നോക്കിയാണ് ഇയാൾ കാറുകൾ തിരഞ്ഞെടുത്തിരുന്നത്. കത്തിച്ച കാറുകളിൽ ഏറെയും ഡോക്ടർമാരുടെ കാറുകൾതന്നെയായിരുന്നു. ഇയാൾക്കു മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി ബെളഗാവി ഡെപ്യൂട്ടി കമ്മിഷണർ സീമ ലതാക്കർ പറഞ്ഞു.