ബാഹുബലിയുടെ ഒറ്റക്കൽ ശില്പം നേരിട്ടു കണ്ടിട്ടില്ലെങ്കിൽ ലാൽബാഗിലേക്ക് പോകൂ;പുഷ്പ പ്രദര്‍ശനം പൊടി പൊടിക്കുന്നു.

ബെംഗളൂരു : ശ്രാവണബെലഗോളയിൽ 57 മീറ്റർ ഉയരത്തിലുള്ള ബാഹുബലിയുടെ ഒറ്റക്കൽ ശില്പം നേരിട്ടു കണ്ടിട്ടില്ലെങ്കിൽ ലാൽബാഗിലേക്കു വരാം. വലുപ്പം കുറവെങ്കിലും ഒരു മിനി ശ്രാവണബെലഗോളയാണ് റിപ്പബ്ലിക് ദിന പുഷ്പമേളയുടെ ഭാഗമായി ലാൽബാഗിലെ ചില്ലുകൂടാരത്തിൽ ഒരുക്കിയിരിക്കുന്നത്.ലക്ഷക്കണക്കിനു പൂക്കളുടെ അകമ്പടിയോടെ ബാഹുബലിയുടെ വിവിധ മാതൃകകളാണ് വരവേൽക്കുക.

ശ്രാവണബെലഗോളയിൽ അടുത്തമാസം നടക്കുന്ന മഹാമസ്തകാഭിഷേകത്തിനു വരവേൽപ്പു കൂടിയാണിത്. കേരളത്തിൽ നീലക്കുറിഞ്ഞി പൂക്കുന്നതു പോലെ 12 വർഷം കൂടുമ്പോഴാണ് ജയ്ന മഹോൽസവമായ മഹാമസ്തകാഭിഷേകം നടക്കുന്നത്.ഹോർട്ടികൾച്ചർ വകുപ്പിന്റെയും മൈസൂർ ഹോർട്ടികൾച്ചർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന പുഷ്പമേള ചില്ലുകൂടാരത്തിനു പുറത്തേക്കും കണ്ണിനു വസന്തമൊരുക്കി പടർന്നുകിടക്കുന്നു.

ചില്ലുവീട്ടിലെ ബാഹുബലി കഴിഞ്ഞാൽ ഇതിനു മുകളിൽ റോഡിനിരുവശത്തുമായി വൻമരങ്ങളിൽ എഴുപതോളം കലാകാരൻമാർ നടത്തുന്ന തൽസമയ കൊത്തുപണിയാണ് പുഷ്പമേളയുടെ മറ്റൊരാകർഷണം. കർണാടക ശില്പകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 15 ദിവസമായി നടക്കുന്ന ക്യാംപിന്റെ ഭാഗമാണിത്. വൻവലുപ്പവും നൂറ്റാണ്ടുകൾ പഴക്കവുമുള്ള മരങ്ങളിൽ ഉളിയും ചുറ്റികയും ഉപയോഗിച്ച് ഇവർ രൂപങ്ങളും ഭാവങ്ങളും കൊത്തിയെടുക്കുന്നതു സന്ദർശകർക്കു കൗതുകമായി. 188 ഏക്കർ വിസ്തൃതിയുള്ള ലാൽബാഗിൽ കാറ്റിലും മറ്റുമായി വൻ മരങ്ങൾ കടപുഴകുന്നതു പതിവാണ്. ഈ മരങ്ങളാണ് ഇവർക്കു ശില്പനിർമാണത്തിനു നൽകിയിരിക്കുന്നത്. ടിപ്പു സുൽത്താന്റെ ഭരണകാലത്തു വിദേശത്തു നിന്നെത്തിച്ച് നട്ട മരങ്ങൾ വരെ ഇവയിലുണ്ടത്രെ.

വനിതകൾ ഉൾപ്പെടെ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ ക്യാംപിൽ പങ്കെടുക്കുന്നുണ്ടെന്നു മണ്ഡ്യ സ്വദേശിയും മലയാളിയുമായ ഭാനു പ്രകാശ് പറഞ്ഞു. രണ്ടോ മൂന്നോ പേർ ചേർന്നാണ് ഒരു മരത്തിൽ ശില്പം കൊത്തുന്നത്. ഓരോരുത്തർക്കും ഓരോ ആശയങ്ങൾ. ബുദ്ധൻ, ഗരുഡൻ, വന്യമൃഗങ്ങൾ… എന്നിങ്ങനെ പോകുന്നു ഇവ. ശില്പം പൂർത്തിയാക്കാൻ 25 വരെ സമയമുണ്ട്. 300 വർഷം വരെ പഴക്കമുള്ള മരങ്ങൾ കൊത്തുപണിക്കായി നൽകിയിട്ടുണ്ടെന്നു ക്യാംപിൽ പങ്കെടുക്കുന്ന കോലാറിൽ നിന്നുള്ള അമൂല്യ പറയുന്നു. കല്ലിലും, സിമന്റിലുമെല്ലാം ശില്പങ്ങൾ തീർത്തിട്ടുള്ള താൻ ആദ്യമായാണ് തടിയിൽ കൈവയ്ക്കുന്നതെന്ന് അമൂല്യ പറയുന്നു. റിപ്പബ്ലിക് ദിനത്തിൽ എത്തുന്നവർക്കു മുന്നിൽ തടിശില്പങ്ങൾ പ്രദർശിപ്പിക്കും.

മുൻ വർഷങ്ങളിലേതു പോലെ പച്ചക്കറി–പഴം–പൂച്ചെടി വിത്തുകൾ, ജൈവവളം, ഓർഗാനിക് ഉത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും മേളയെ സമ്പന്നമാക്കുന്നു. അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി എന്നിവയെക്കുറിച്ചെല്ലാം വേണ്ട നിർദേശങ്ങളും സഹായങ്ങളും സ്റ്റാൾ നടത്തുന്നവരിൽ നൽകും. മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോറ് മിശ്രിതം, ചകിരിച്ചട്ടികൾ, ഹൈബ്രിഡ് വിത്തുകൾ എന്നിങ്ങനെ ജൈവകൃഷിക്കു വേണ്ട എല്ലാ ഉത്പന്നങ്ങളും ഇവിടെ ലഭിക്കും. വിത്തുകൾ, ഡിസൈനർ ചെടിച്ചട്ടികൾ എന്നിവയെല്ലാം 10 രൂപയ്ക്കും മുതൽ ലഭ്യമാണ്. മുന്തിയ ഇനം കാർഷികോൽപന്നങ്ങൾ നിരത്തി ഹോർട്ടികൾച്ചർ വകുപ്പിന്റെ പ്രദർശനവുമുണ്ട്.

28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം ധർമസ്ഥല മഞ്ജുനാഥേശ്വര ക്ഷേത്രം ധർമാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെ നിർവഹിച്ചു. ഹോർട്ടികൾച്ചർ മന്ത്രി എസ്.എസ്. മല്ലികാർജുൻ, ആദിചുഞ്ചനഗിരി ക്ഷേത്രത്തിലെ നിർമലാനന്ദ സ്വാമികൾ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് ചാർജ്. 20, 22, 23, 24, 25, 27 തിയതികളിൽ തിരിച്ചറിയൽ കാർഡുമായി വരുന്ന സ്കൂൾ വിദ്യാർഥികൾക്കു പ്രവേശനം സൗജന്യം. മെട്രോ ട്രെയിനിൽ വരുന്നവർക്കു ലാൽബാഗ് സ്റ്റേഷനിലിറങ്ങി വെസ്റ്റ് ഗേറ്റ് വഴി അകത്തു പ്രവേശിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us