ഡൽഹി ജവാഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് കളത്തിലിറങ്ങിയ കറുത്ത കൊമ്പന്മാർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കു ഡൽഹിയെ തോല്പിക്കുകയായിരുന്നു. കഴിഞ്ഞ കളിയിൽ ഇറക്കിയ അതെ ഫോർമേഷനിൽ ബ്ലാസ്റ്റേഴ്‌സിനെ ഡേവിഡ് ജെയിംസ് ഡൽഹിക്കെതിരെ ഇറക്കിയപ്പോൾ സിഫെനിയോസിനു പകരം കിസീറ്റോക്കു ഫൈനൽ ഇലവനിൽ സ്ഥാനം ലഭിച്ചു. മുന്നേറ്റ നിരയിൽ ഹ്യൂമിന് പിറകിൽ ബെർബ സ്ഥാനം പിടിച്ചപ്പോൾ പേക്കൂസോണും ജാക്കിയും വിങ്ങുകളിൽ കളിച്ചു. ഡൽഹി ആകട്ടെ കഴിഞ്ഞ കളിയുടെ ആത്മവിശ്വാസത്തിൽ വിജയത്തിന്റെ പടി ചവിട്ടാൻ ആണ് സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയത്. എന്നാൽ ഹ്യൂമേട്ടൻ, തന്റെയും ബ്ലാസ്റ്റേഴ്സിന്റെയും സീസണിലെ ആദ്യ ഹാട്രിക് നേടി ഡൽഹിയെ പരാജയത്തിലേക്ക് തള്ളി ഇടുകയായിരുന്നു.
ചെന്നൈക്കെതിരെ പൊരുതി കളിച്ച ഡൽഹിയെ തന്നെ ആണ് ഫസ്റ്റ് ഹാൾഫിന്റെ ആദ്യ നിമിഷങ്ങളിൽ കാണാൻ കഴിഞ്ഞത്. ആദ്യമായി ഒരു എവേ ജേഴ്സി ഇട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിനു ഒരു നല്ല തുടക്കം അല്ല ലഭിച്ചത്, മൂന്ന് പോയിന്റിന് വേണ്ടി ഡൽഹി ആക്രമിച്ചു കളിച്ചപ്പോൾ താളം കണ്ടെത്താൻ ബ്ലാസ്റ്റേഴ്‌സ് പണിപെടുകയായിരുന്നു. ക്യാപ്റ്റൻ പ്രീതം കോട്ടാലും മറ്റൊരു വിങ്ങർ ആയ നന്ദകുമാറും ചേർന്ന് വിങ്ങുകളിൽ നിന്ന് അറ്റാക്കുകൾ തൊടുത്തു വിട്ടുകൊണ്ടിരുന്നപ്പോൾ, ഫിനിഷിങ്ങിന്റെ അപാകതകൾ മൂലം ഗോൾ മാത്രം ഡൽഹിക്കു നിഷേധിക്കപ്പെട്ടു, എന്നാൽ തിരിച്ചുള്ള കേരളത്തിന്റെ ആക്രമണം ഇടതു വിങ്ങിലൂടെ മാത്രം ആയിരുന്നു. 12 ആം മിനുറ്റിൽ അങ്ങനെ കേരളത്തിന്റെ ആദ്യ ഗോൾ പിറന്നു ഇടതുവിങ്ങിലൂടെ തന്നെ. ഗോൾകീപ്പർ സുബാഷിഷ് റോയുടെ ഒരു കിക്ക് ഹ്യുമ്മ് ചാടി ഹെഡ് ചെയ്തു വിങ്ങിലൂടെ ഓടിക്കയറിയ പേക്കൂസോണിനു മറിച്ചു കൊടുത്തപ്പോൾ തന്റെ പന്തടക്കവും വേഗതയും കൊണ്ട് പെക്‌സോൺ ഡൽഹി ഡിഫെൻസിനെ കബളിപ്പിച്ചു ബോക്സിലേക്ക് ഓടിക്കയറി. പിച്ചിന്റെ മധ്യത്തുനിന്നും ഹ്യൂമേട്ടനും ബോക്സിലേക്ക് ഓടിയെത്തിയതോടെ ഇടം കാലുകൊണ്ട് പെക്‌സോണിന്റെ വക ഒരു ഇടിവെട്ട് ക്രോസ്സ്. ഡിഫെൻഡറുടെ മേൽത്തട്ടി വേഗത കുറഞ്ഞ പന്ത്, സ്ലൈഡ് ചെയ്തു ഫിനിഷ് ചെയ്യാൻ വന്ന ഹ്യൂമേട്ടന്റെ തുടയിൽ തട്ടി ഗോൾ ലൈൻ കടക്കുകയായിരുന്നു.
ബാളിനായുള്ള ചാട്ടത്തിൽ തലയ്ക്കു പരിക്കേറ്റ ഹ്യൂമേട്ടൻ പിന്നീട് ബാഡ്ജ് കെട്ടിയാണ് കളിയ്ക്കാൻ ഇറങ്ങിയത്. ഗോൾ വീണിട്ടും നഷ്ടപെടാൻ ഒന്നുമില്ലാത്തവരെ പോലെ കളിച്ച ഡൽഹി അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മികച്ചു തന്നെ നിന്നു. നാല്പതാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോവ മാച്ചിനെ അനുസ്മരിക്കുന്ന വിധം ബെർബെറ്റോവ് പിച്ചിന്റെ നടുവിൽ പരിക്ക് പറ്റി ഇരുന്നപ്പോൾ, ജെയിംസിനു സിഫെനിയോസിനെ കളത്തിൽ ഇറക്കേണ്ടി വന്നു. ഗോവൻ മാച്ചിലേതു പോലെത്തന്നെ കേരളം ഒരു ഗോൾ ഏറ്റു വാങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. റോമിയോ ഫെർണാണ്ടസിന്റെ ഒരു ഡിപ്പിംഗ് ഫ്രീകിക്കിന് ഫാർ പോസ്റ്റിൽ പ്രീതം കോട്ടൽ ഒന്ന് തല വെച്ചപ്പോൾ സുഭാഷിഷിനു എത്തിപ്പിടിക്കാൻ പറ്റാത്തവണ്ണം ബോൾ കേരള പോസ്റ്റിലേക്ക് കയറുകയായിരുന്നു. സിഫെനിയോസു മായി കൂട്ടിയിടിച്ചു ഹാഫ് ടൈമിന് തൊട്ടുമുൻപ് ഡൽഹി ഗോളി പരിക്ക്പറ്റി പുറത്തു പോയതോടെ ഡൽഹിക്ക് ഇന്ത്യൻ ഗോളിയെ കളത്തിൽ ഇറക്കേണ്ടി വന്നു, ഹാഫ് ടൈമിന് മുൻപ് രണ്ടാമത്തെ ഇഞ്ചുറി സുബ്സ്റ്റിട്യൂഷൻ..
സെക്കന്റ് ഹൽഫിലും തുടക്കത്തിൽ ഡൽഹി അറ്റാക്ക് ചെയ്യുന്നതാണ് കണ്ടത് തുടരെ അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞു, എന്നാൽ കളിയുടെ ഗതിക്കെതിരെ വീണുകിട്ടിയ ഒരവസരം മുതലാതകി 78 ആ മിനുട്ടിൽ കേരളം രണ്ടാമത്തെ ഗോൾ നേടുകയായായിരുന്നു. ഹ്യൂമിന്റെ രണ്ടാംഗോളിന്റെ തുടക്കം പേക്കുസോണിന്റെ ത്രോവിൽ നിന്നായിരുന്നു. ഡൽഹി ഡിഫെൻസിനെ ഒന്ന് വട്ടം കറക്കിയ ഹ്യൂമേട്ടൻ നല്ലൊരു ഫിനിഷിംഗിലൂടെ ഗോളിയെയും കബളിപ്പിക്കുകയായിരുന്നു. പിന്നീട് 83 ആം മിനിറ്റിലും ഒറ്റയാൾ പോരാട്ടത്തിലൂടെ ഹ്യൂമേട്ടൻ ഡൽഹിയുടെ വല കുലുക്കിയപ്പോൾ തിരുച്ചു വരാൻ പറ്റാത്ത വിധം ഡൽഹി മാച്ചിൽ നിന്നും പുറത്താകുകയായിരുന്നു.
മികച്ച ഒരു കളി ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തില്ലെങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കാൻ ഹ്യൂമേട്ടൻ മിടുക്ക് കാട്ടിയപ്പോൾ താൽക്കാലികം ആയിട്ടാണെങ്കിലും ടേബിളിൽ ആറാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്‌സ് എത്തി. കടുത്ത തണുപ്പിന്നെ അവഗണിച്ചു കളികാണാൻ എത്തിയ മഞ്ഞപ്പടയ്ക്ക് ഫീൽഡിൽ ഹ്യൂമേട്ടൻ ഹാട്രിക്കടിച്ചു വിരുന്നൂട്ടിയപ്പോൾ, ഗാലറിയിൽ സച്ചിന്റെയും, ട്രാൻസ്ഫെറിന്റെ മണം നൽകി അണ്ടർ 17 ഗോളി ധീരജിന്റേയും സാന്നിധ്യം കൂടുതൽ സന്തോഷത്തിനു വകയൊരുക്കി. കോൺട്രാക്ട് ഇല്ലാതെ കറങ്ങി നടക്കുന്ന അണ്ടർ 17 ഗോളി ബ്ലാസ്റ്റേഴ്‌സ് ജാക്കറ്റിൽ ഒരു പിടി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഇടയിൽ ഇരുന്നാണ് കളി കണ്ടത്, വരും ദിവസങ്ങളിൽ അറിയാം ഷാവോലിൻ ഗോളി ധീരജിനെ മഞ്ഞപ്പട സ്വന്തം ആക്കിയോ എന്ന്. മുംബൈക്കെതിരെ ഞായറാഴ്ചയാണ് കേരളത്തിന്റെ അടുത്ത കളി , നാളെ ഗോവയും ജെംഷെഡ്പൂരും തമ്മിലാണ് ലീഗിലെ അടുത്ത മത്സരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.