27നു ചേരുന്ന കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കുമെന്നു മേയർ സമ്പത്ത്‌രാജ് പറഞ്ഞു. വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. കെട്ടിടം നിർമിക്കലും പൊളിക്കലും പതിവായ ബെംഗളൂരുവിൽനിന്നുള്ള കോൺക്രീറ്റ് അവശിഷ്ടങ്ങൾ തള്ളാൻ നഗരാതിർത്തിയിൽ ഏഴു പാറമടകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ അവശിഷ്ടങ്ങളിൽ പകുതി പോലും ഇവിടെ എത്തുന്നില്ല. ഇത്രദൂരം വാഹനങ്ങളിൽ ഇവ കൊണ്ടുപോകുന്നതിന്റെ ചെലവ് ലാഭിക്കാൻ പലരും രാത്രി വഴിയോരത്തും തടാക തീരങ്ങളിലുമായി തള്ളുകയാണ് പതിവ്.
ഇനിമുതൽ ഇങ്ങനെ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ബിബിഎംപി പൊലീസിന്റെ സഹായവും തേടും. വിജനമായ സ്ഥലങ്ങളിൽ മാലിന്യവും കെട്ടിട അവശിഷ്ടങ്ങളും തള്ളുന്നവരെ പിടികൂടാൻ സിസിടിവി ക്യാമറകളും സ്ഥാപിക്കും. ഇതിനായി ബിബിഎംപിയുടെ ഓരോ വാർഡിനും 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരിയോടെ എല്ലായിടത്തും ക്യാമറകൾ സജ്ജമാക്കും. ഇതിനെല്ലാം പുറമെ ബിബിഎംപി ഈയിടെ പുറത്തിറക്കിയ ‘ഫിക്സ് മൈ സ്ട്രീറ്റ്’ മൊബൈൽ ആപ്പിലൂടെ പൊതുജനങ്ങൾക്കും മാലിന്യം തള്ളുന്നവരെക്കുറിച്ച് പരാതിപ്പെടാം.