ബെംഗളൂരു ∙ ജയമഹൽ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി മരങ്ങൾ പിഴുതുമാറ്റുന്ന ജോലി ബിബിഎംപി താൽക്കാലികമായി നിർത്തി. മൈസൂരുവിലെ വൊഡയാർ രാജകുടുംബത്തിന്റെ അധീനതയിലുള്ള ബാംഗ്ലൂർ പാലസിന്റെ ഭൂമിയിലേക്കു മരങ്ങൾ മാറ്റിനടുന്നതു സംബന്ധിച്ചു കോടതിയുത്തരവു കിട്ടാൻ വൈകുന്നതിനെ തുടർന്നാണു പ്രവൃത്തികൾ നിർത്തിയത്.
കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്കു മരങ്ങൾ മാറ്റുന്നതിനുള്ള അനുമതിയുത്തരവു ലഭിച്ചാൽ പ്രവൃത്തികൾ പുനരാരംഭിക്കുമെന്നു ബിബിഎംപി ചീഫ് എൻജിനീയർ ബി.എസ്.പ്രഹ്ലാദ് പറഞ്ഞു. റോഡ് വികസനത്തിന്റെ ഭാഗമായി 110 മരങ്ങളാണു നീക്കം ചെയ്യുന്നത്. ഇതിൽ 53 മരങ്ങളാണു വേരോടെ പിഴുതു മാറ്റിനടുന്നത്. ബാക്കിയുള്ള മരങ്ങൾ മുറിച്ചുനീക്കും. നിലവിൽ പത്തു മരങ്ങളാണു ദൂരദർശൻ കേന്ദ്രത്തിനടുത്തുനിന്നു പാലസ് മതിലിനരികിലേക്കു മാറ്റിനട്ടത്.