പ്രാതല്‍ @5 രൂപ, ഉച്ചഭക്ഷണം–അത്താഴം @10രൂപ;ഇന്ദിര കാന്റീനുകള്‍ പ്രവര്‍ത്തനം തുടങ്ങി;അടുത്ത വര്ഷം നടക്കാനുള്ള തെരഞ്ഞെടുപ്പില്‍ പൊരുതാന്‍ പുതിയ തന്ത്രങ്ങളുമായി സിദ്ധു.

ബെംഗളൂരു ∙ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കർണാടക സർക്കാർ ആരംഭിച്ച ‘ഇന്ദിര കന്റീൻ’ ഉദ്ഘാടനം ചെയ്യാനെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നാക്കു പിഴ. തമിഴ്നാട്ടിലെ ‘അമ്മ കാന്റീനുകൾ’ മനസ്സിലുള്ള രാഹുൽ ഇന്ദിര കാന്റീൻ എന്നുപറയേണ്ടതിനു പകരം പറഞ്ഞു തുടങ്ങിയത് ‘അമ്മ’ കാന്റീനുകളെന്ന്. നാക്കുപിഴ മനസിലാക്കിയ രാഹുൽ ഉടൻ തന്നെ ഇതു തിരുത്തിപ്പറയുകയും ചെയ്തു.

‘ഏതാനും മാസങ്ങൾക്കുള്ളിൽ കർണാടകയിലെ മിക്ക നഗരങ്ങളിലെയും സാധാരണക്കാർക്ക് ഈ അമ്മ…അല്ല… ഇന്ദിര കന്റീനിലൂടെ ഭക്ഷണം കഴിക്കാൻ സാധിക്കും’– ഉദ്ഘാടനച്ചടങ്ങിൽ രാഹുൽ പറഞ്ഞു. തുടർന്ന് ദക്ഷിണ ബെംഗളൂരുവിലെ ജയനഗറിലെ കന്റീനിൽ നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് രാഹുൽ മടങ്ങിയതും.

തമിഴ്നാട്ടിൽ ജയലളിതയുടെ കാലത്ത് ആരംഭിച്ച ‘അമ്മ’ കന്റീനുകളെ പിന്തുടർന്നാണ് കർണാടകയുടെ നീക്കവും.

‘നിരവധി പാവപ്പെട്ടവർക്ക് ഇന്ദിര കന്റീനിലൂടെ ഭക്ഷണം കഴിക്കാൻ സാധിക്കും. കോൺഗ്രസ് സർക്കാരിന്റെ കീഴിൽ പാവപ്പെട്ടവർക്ക് ഇത്തരം സൗകര്യങ്ങൾ ലഭിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് സമാനമാണ് കന്റീനിലെ വൃത്തിയെന്നും’ രാഹുൽ ഗാന്ധി പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മറ്റു കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

2013 ൽ ആണ് തമിഴ്നാട്ടിൽ അമ്മ കന്റീൻ ആരംഭിക്കുന്നത്. ഇത് വലിയ വിജയമായിരുന്നു. 100 കോടി രൂപയാണ് പദ്ധതിക്കായി കർണാടക സർക്കാർ ബജറ്റിൽ മാറ്റിവച്ചിട്ടുള്ളത്. 2018 പകുതിയോടെ കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനുണ്ട്.

പ്രഭാത ഭക്ഷണം @ 5, ഉച്ചഭക്ഷണം–അത്താഴം @ 10

തമിഴ്നാട്ടിൽ ജയലളിതയുടെ ഭരണകാലത്ത് ആരംഭിച്ച അമ്മ കന്റീനുകളുടെ മാതൃകയിലാണ് കർണാടക സർക്കാർ ബെംഗളൂരു നഗരത്തിലെ 198 വാർഡുകളിൽ ഇന്ദിരാ കന്റീനുകൾ ആരംഭിച്ചത്. ബിബിഎംപി പരിധിയിലെ 125 വാർഡുകളിലാണ് ആദ്യഘട്ടത്തിൽ കന്റീനുകൾ പ്രവർത്തിക്കുക. ബാക്കിയുള്ള 73 കന്റീനുകൾ ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്.

ബെംഗളൂരുവിന് പിന്നാലെ കർണാടകയിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലും ഡിസംബറിനുള്ളിൽ ഇന്ദിരാ കന്റീനുകൾ പ്രവർത്തനമാരംഭിക്കും. ആദ്യമെത്തി കൂപ്പണെടുക്കുന്ന 250 പേർക്കാണ് ഇന്ദിരാ കന്റീനുകളിൽ ഒരു സമയം ഭക്ഷണം വിതരണം ചെയ്യുക. പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പത്ത് രൂപയുമാണ് ഈടാക്കുക.

നഗരത്തിന് വേറിട്ട നിർമാണ രീതി കൂടിയാണ് ഇന്ദിരാ കന്റീനുകൾ കാണിച്ചു തന്നത്. പൂർണമായും പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയുപയോഗിച്ചാണ് കെട്ടിടങ്ങൾ പണിതീർത്തത്. തമിഴ്നാട്ടിലെ ഹൊസൂരിൽ തയാറാക്കിയ കോൺക്രീറ്റ് ബ്ലോക്കുകൾ രണ്ട് ദിവസം കൊണ്ടു ക്രെയിൻ ഉപയോഗിച്ച് ഉറപ്പിച്ചാണ് കന്റീനുകളുടെ നിർമാണം പൂർത്തിയാക്കിയത്. 28 ഇടങ്ങളിലാണ് അടുക്കള സൗകര്യത്തോടെയുള്ള കന്റീനുകളുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us