ബെംഗളൂരു : നഗരത്തിലെ അതി പ്രശസ്തമായ പുഷ്പോൽസവം ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിച്ചു. വർഷത്തിൽ രണ്ട് പ്രാവശ്യമാണ് പുഷ്പോത്സവം അരങ്ങേറാറുള്ളത് ഒന്ന് ആഗസ്റ്റിൽ സ്വാതന്ത്ര്യ ദിന പുഷ്പോൽസവവും രണ്ടാമതായി ജനുവരിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പുഷ്പോൽസവവും. നാല് ദിവസം മുൻപ് തുടങ്ങിയ പുഷ്പോൽസവം അവസാനിക്കുന്നത് ഈ മാസം 29 ന് ആണ്.
ഓരോ പുഷ്പമേളക്കും പ്രധാന ആകർഷണമായി പുഷ്പങ്ങൾ കൊണ്ട് ഏതെങ്കിലും രൂപങ്ങൾ തീർക്കുന്നത് ഇവിടെ സാധാരണമാണ്. കഴിഞ്ഞ പുഷ്പമേളയിൽ പാർലിമെന്റ് മന്ദിരത്തിന്റെ രൂപമായിരുന്നു പുഷ്പങ്ങൾ ഉപയോഗിച്ച് നിർമിച്ചത്, എന്നാൽ ഇപ്രാവശ്യത്തെ പ്രധാന ആകർഷണം പുഷ്പങ്ങൾ കൊണ്ട് നിർമ്മിച്ച ഗോൽഗുംബാസിന്റെ രൂപമാണ്. മുപ്പതടി ഉയരത്തിൽ മൂന്നര ലക്ഷം ഡച്ച് റോസാ പൂക്കൾ ഉപയോഗിച്ചാണ് ഗോൽഗുംബാസ് തീർത്തിരിക്കുന്നത്. ബീജാപൂർ (ഇപ്പോഴത്തെ വിജയപുര) രാജാവായിരുന്ന മുഹമ്മദ് ആദിൽഷായുടെ ശവകുടീരമാണ് ഗോൽഗുംബാസ്. ചരിത്ര പ്രസിദ്ധമായ ഗ്ലാസ് ഹൗസിനുള്ളിലാണ് ഗോൽഗുംബാസിന്റെ മാതൃക നിർമ്മിച്ചിരിക്കുന്നത്.
ഓർക്കിഡുകൾ കൊണ്ടുള്ള ചിത്രശലഭങ്ങൾ മുപ്പത്തയ്യായിരത്തോളം ചെടികൾ നിറഞ്ഞ വെർട്ടിക്കൽ ഗാർഡൻ.ഏറുമാടവും കുടിലും ആദിവാസികളും മൃഗങ്ങളും നിറഞ്ഞ കാനനഭംഗി, അടുക്കള മട്ടുപ്പാവ് കൃഷികൾക്കായി ചെടികൾ വിത്തുകൾ വളങ്ങൾ കൃഷിയുപകരണങ്ങൾ അങ്ങനെയങ്ങനെ … 205 മത്തെ പുഷ്പമേള കാഴ്ചക്കാരെ ഒട്ടും നിരാപ്പെടുത്തില്ല. സിക്കിമിൽ നിന്നെത്തിയ തണുപ്പുകാലാവസ്ഥയിൽ മാത്രം വളരുന്ന സിബിഡിയം ഓർക്കിഡുകളാണ് മറ്റൊരാകർഷണം. ഈ പൂക്കൾ നിലനിൽക്കാൻ ഗ്ലാസ് ഹൌസിനുള്ളിൽ തണുത്ത വെള്ളം സ്പ്രേ ചെയ്തു കൊണ്ടിരിക്കുന്നു.
ഹോൾടികൾചർ വകുപ്പിന്റെ ത് ഉൾപ്പെടെ നിരവധി സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി, പഴങ്ങൾ, വളങ്ങൾ, ചെടികൾ, വിത്തുകൾ, ജൈവവളം, ഓർഗ്ഗാനിക് ഉൽപ്പന്നങ്ങൾ എന്നിവ കൊണ്ട് സമ്പന്നമാണ് സ്റ്റാളുകൾ. അടക്കള തോട്ടവും മട്ടുപ്പാവ് കൃഷിയെയും പ്രോൽസാഹിപ്പിക്കുന്നതിനായി തക്കാളി, കാപ്സിക്കം, കാരറ്റ്, ബീറ്റ്റുട്ട്, വഴുതിനങ്ങ, കാബേജ്, പച്ചമുളക് എന്നിവ എങ്ങിനെ ചെടിച്ചട്ടിയിൽ വളർത്താം എന്ന് കാണിക്കുന്ന പ്രദർശനങ്ങൾ ഉണ്ട്, ആവശ്യമായ നിർദേശങ്ങളും ലഭിക്കും.
മുൻപ് സെൽഫിയെടുക്കുന്നതിനിടയിൽ കല്ല് തലക്ക് വീണ ഒരു കുട്ടി മരിച്ച സംഭവം മുൻനിർത്തി അപകടകരമായ ശിൽപങ്ങളെല്ലാം മാറ്റുകയേ കമ്പിവേലി കെട്ടിത്തിരിക്കുകയോ ചെയ്തിട്ടുണ്ട്. എല്ലാ പ്രാവശ്യവും പ്രധാന ഭീഷണിയാകാറുള്ള തേനീച്ച അക്രമണം നേരിടാനും പാമ്പിന്റെ ശല്യം നേരിടാനും വിദഗ്ദരെ ഒരുക്കി നിർത്തിയിട്ടുണ്ട്.
മുതിർന്നവർക്ക് സാധാരണ ദിവസങ്ങളിൽ 50 രൂപയും അവധി ദിവസങ്ങളിൽ 60 രൂപയുമാണ് ടിക്കറ്റ് ചാർജ്ജ്.കുട്ടികൾക്ക് 20 രൂപ മാത്രം. വിദ്യാർത്ഥികൾക്ക് ഞായറും വ്യാഴവും ഒഴികെയുള്ള ദിനങ്ങളിൽ പ്രവേശനം സൗജന്യമാണ്. മാർക്കെറ്റിൽ നിന്നും മജെസ്റ്റിക്കിൽ നിന്നും ഇലക്ട്രോണിക് സിറ്റിയിൽ നിന്നും ലാൽബാഗിലേക്ക് നേരിട്ട് ബസുകൾ ലഭിക്കും. സ്വന്തം വാഹനത്തിൽ വരുന്നവർ ശാന്തിനഗർ ബി എം ടി സി ബസ്റ്റാന്റിലെ പാർക്കിംഗ് ഇടത്തിൽ വണ്ടി പാർക്ക് ചെയ്ത് ലാൽബാഗിലേക്ക് നടന്നു പോകുന്നതാണ് അഭികാമ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.