ന്യൂ ഡല്‍ഹി: ആദായ നികുതി വകുപ്പിന്റെയും സിബിഐയുടെയും കള്ളപ്പണ വേട്ടയില്‍ വമ്പന്മാര് കുടുങ്ങുന്നു. രാജ്യവ്യാപകമായി തുടരുന്ന പരിശോധനയില്‍ ശതകോടിയുടെ കള്ളപ്പണം വെളിപ്പെട്ടു. ബെംഗളൂരു, ദല്‍ഹി, ഫരീദാബാദ്, താനെ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടന്ന റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു. 20 പേരെ അറസ്റ്റ് ചെയ്തു. നിരവധി സ്ഥാപനങ്ങളും ബാങ്കുകളിലെ നിക്ഷേപങ്ങളും നിരീക്ഷണത്തില്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ കള്ളപ്പണവേട്ടയുണ്ടാകും.
സിബിഐ റെയ്ഡില്‍ 19 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു. 16 പേര് അറസ്റ്റിലായി. പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അമ്പത് ലക്ഷം രൂപയുടെ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്കിയ കൊല്‍ക്കത്ത ബാങ്ക് ഓഫ് ബറോഡയിലെ ഉദ്യോഗസ്ഥനെതിരെയും കേസെടുത്തു. കര്‍ണാടകയിലും ഹൈദരാബാദിലും നാല് വീതവും രാജസ്ഥാന്, കല്‍ക്കത്ത എന്നിവിടങ്ങളില്‍ ഓരോ കേസുമാണ് എടുത്തത്. അറസ്റ്റിലായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായികളുമുണ്ട്. കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥനെയും ജനതാദള്‍ – എസ് നേതാവിനെയും സിബിഐ അറസ്റ്റ് ചെയ്തു. കുളിമുറിയില്‍ നിന്ന് 5.70 കോടിയുടെ കള്ളനോട്ടുമായി കാസിനോ ഉടമയും അറസ്റ്റിലായിരുന്നു.
ദല്‍ഹി കരോള്‍ ബാഗിലെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയില്‍ 150 കോടിയുടെ സംശയാസ്പദ നിക്ഷേപം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. വിവിധ അക്കൗണ്ടുകളിലായാണ് പണം നിക്ഷേപിച്ചിട്ടുള്ളത്. നവംബര്‍ എട്ടിനും 25നും ഇടയിലായി 30 കോടി രൂപയോളം വീതമാണ് നിക്ഷേപം. ഹവാല ഇടപാടുകാരുടേതാണ് പണമെന്ന് സംശയിക്കുന്നു.
ബെംഗളൂരുവില്‍ കള്ളപ്പണം പിടിക്കാനെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നായ്ക്കളെ അഴിച്ചുവിട്ടു. യശ്വന്ത്പുരിലുള്ള അപ്പാര്‍ട്ട്മെന്റില്‍ പരിശോധനക്കെത്തിയപ്പോഴായിരുന്നു സംഭവം. നായ്ക്കള്‍ ഉദ്യോഗസ്ഥരെ തടഞ്ഞതിനാല്‍ പോലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പൂട്ടിയിട്ട മുറിയില്‍ നിന്ന് 2.89 കോടിയുടെ കള്ളപ്പണം കണ്ടെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ സൂറത്തില്‍ കള്ളപ്പണവുമായി പാക്കിസ്ഥാന് സ്വദേശി ബുഹാറുദ്ദീന്‍ വോറയെ അറസ്റ്റ് ചെയ്തു. അര ലക്ഷം രൂപയുടെ അസാധുവാക്കിയ അഞ്ഞൂറിന്റെ കള്ളനോട്ടുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടിയിലായത്. മധ്യപ്രദേശില്‍ കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിലെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. 15 ലക്ഷം രൂപയും പിടികൂടി. ഇതില്‍ 14 ലക്ഷവും പുതിയ നോട്ടുകളാണ്.
ഗോവ പനാജിയില്‍ 24 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. രണ്ടായിരം രൂപയാണ് ഭൂരിഭാഗവും. മൂന്ന് പ്രദേശവാസികളുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെടുത്തത്. മഞ്ഞുമലയുടെ അറ്റം മാത്രമാണിതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.