ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലയാളികളാണ് ആർഎസ്എസ് എന്ന പരാമര്‍ശം നടത്തിയ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. അതിന് തയ്യാറല്ലെങ്കിൽ വിചാരണ നേരിടാനും കോടതി ആവശ്യപ്പെട്ടു.
ആരെയെങ്കിലും താഴ്ത്തിക്കെട്ടുന്ന പരാമർശങ്ങൾ ആരും നടത്തരുതെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, ആർ.എഫ്.നരിമാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിന് പിന്നിൽ ആർഎസ്എസാണെന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. തുടർന്ന് ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുണ്ഡെ ഭിവന്ദി കോടതിയിൽ മാനനഷ്ട കേസ് നൽകി.
രാഹുലിനോട് നേരിട്ട് കോടതിയിൽ ഹാജരാവാൻ മജിസ്ട്രേട്ട് നോട്ടീസ് അയച്ചു. ഈ ഉത്തരവ് പിന്നീട് ഹൈക്കോടതിയും ശരിവച്ചു. മാപ്പു പറഞ്ഞാൽ പ്രശ്നം അവസാനിപ്പിക്കാമെന്ന് കോടതി നിർദ്ദേശിച്ചെങ്കിലും കേസ് വാദിക്കാൻ തയ്യാറാണെന്നായിരുന്നു രാഹുലിന്റെ മറുപടി. ഇതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്.
രാഹുലിന്റെ പരാമർശം അപകീർത്തിയുടെ കീഴിൽ വരുന്നതാണോയെന്ന കാര്യവും പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് ജൂലായ് 27ലേക്ക് മാറ്റി.