ബെംഗളൂരു- മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) എന്നാണ് ഇരു നഗരങ്ങളെയും കൂട്ടിയിണക്കുന്ന എക്സ്പ്രസ് ഹൈവേ പദ്ധതി അറിയപ്പെടുന്നത്. ഇതു നടപ്പിലാക്കാനായി, നൈസ് ഒപ്പു വച്ച കരാറുമായി ബന്ധപ്പെട്ട ക്രമക്കേടുകളിന്മേൽ 20 കേസുകൾ സുപ്രീം കോടതിയുടെയും 34 കേസുകൾ ഹൈക്കോടതിയിലുമുണ്ട്. സുപ്രീം കോടതിയിൽ ഇതു കൈകാര്യം ചെയ്യാനായി രണ്ടു നിയമ വിദഗ്ധരെയും സർക്കാർ നിയമിച്ചിട്ടുണ്ട്.
1997ൽ തയാറാക്കിയ പദ്ധതി രേഖയിലെ 22 മാനദണ്ഡങ്ങളിൽ 16 എണ്ണവും നൈസ് ലംഘിച്ചിരിക്കുന്നതായി 2016 ഡിസംബർ രണ്ടിന് മന്ത്രി ജയചന്ദ്രയുടെ നേതൃത്വത്തിലുള്ള സഭാ സമിതി റിപ്പോർട്ട് നിയമസഭാ സമ്മേളനത്തിന്റെ മേശപ്പുറത്തു വച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കൂടി സ്ഥിരീകരണത്തോടെ ആയിരുന്നു ഇത്. നൈസിനെതിരെ നടപടിയെടുക്കുന്നതിനെ സർക്കാർ അനുകൂലിക്കുന്നുവെന്നും മന്ത്രി ജയചന്ദ്ര വ്യക്തമാക്കി. ഇലക്ട്രോണിക് സിറ്റി മുതൽ കെങ്കേരി വരെയാണ് നിലവിൽ നൈസ് റോഡ് ഗതാഗത യോഗ്യമാക്കിയിട്ടുള്ളത്. ഈ ഭാഗത്ത് നൈസ് ടോൾ പിരിവും നടത്തുന്നുണ്ട്. പദ്ധതി ഏറ്റെടുക്കാൻ പ്രതിപക്ഷ സമ്മർദവും
പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ഇക്കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ, പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിരുന്നു. ബീദർ സൗത്ത് എംഎൽഎയും വ്യവസായിയുമായ അശോക് കെനി മാനേജിങ് ഡയറക്ടറായ നൈസിനെതിരെ പ്രതിപക്ഷം ഒന്നടങ്കം ശക്തമായി നിലകൊള്ളുന്ന സാഹചര്യത്തിൽ പദ്ധതി സർക്കാർ ഏറ്റെടുക്കുന്ന കാര്യം തള്ളിക്കളയാനാവില്ല. ഇതിനായി പ്രത്യേക ബിൽ കൊണ്ടുവരണമെന്ന് ജനതാദൾ – എസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി സഭയിൽ ആവശ്യപ്പെട്ടപ്പോൾ ക്രമക്കേടുകളിൽ സിബിഐയോ, എൻഫോഴ്സ്മെന്റോ അന്വേഷണം നടത്തണമെന്നായിരുന്നു മറ്റുള്ളവരുടെ ആവശ്യം.
പദ്ധതി രേഖ പ്രകാരം 20000 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടിടത്ത് 32000 ഏക്കർ നൈസിനായി വിജ്ഞാപനം ചെയ്തിരിക്കുന്നതാണ് ക്രമക്കേടുകളിൽ ഏറെ ഗുരുതരം. ഇത്തരത്തിൽ ഏറ്റെടുത്തതിൽ നിന്ന് 7077 കോടി രൂപയുടെ അധികഭൂമി വിജ്ഞാപനം റദ്ദാക്കി മറിച്ചു വിറ്റതായും നിയമസഭാ സമിതി കണ്ടെത്തിയിരുന്നു. ശ്രീരംഗപട്ടണ, മദ്ദൂർ, മണ്ഡ്യ, ചന്നപട്ടണ, രാമനഗരി, ബിഡദി, ബെംഗളൂരു ഗ്രാമജില്ല എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കർഷകരുടെ ഭൂമിയാണ് ഹൈവേ പദ്ധതിക്കായി ഏറ്റെടുത്തത്. ലിങ്ക് റോഡും മറ്റും നിർമിക്കാനായിരുന്നു അധിക ഭൂമി ഏറ്റെടുത്തതെന്നായിരുന്നു സുപ്രീം കോടതിയെ നേരത്തെ നൈസ് ധരിപ്പിച്ചത്.