അതിദാരുണമായൊരു കൊലപാതകമാണിതെന്നും ഗൗരിയെ അനുസ്മരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ധാർവാഡിൽ കൊല്ലപ്പെട്ട കൽബുറഗിയുടെ ഘാതകരെയും പിടികൂടാനുള്ള ശ്രമവും സർക്കാരിന്റെ ഭാഗത്തു നിന്ന് ആത്മാർഥമായി നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേൽ പതിച്ച അസഹിഷ്ണുതയുടെ വെടിയുണ്ടയാണ് ഗൗരിയുടെ വധമെന്ന് ജനതാദൾ എസ് നേതാവ് വൈ.എസ്.വൈ. ദത്ത അഭിപ്രായപ്പെട്ടു. കൊലയാളികളെ ഉടൻ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടർ ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി അവകാശപ്പെടും പോലെ കൊലയാളികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെങ്കിൽ അതു വെളിപ്പെടുത്താനും ഷെട്ടർ ആവശ്യപ്പെട്ടു.
മറ്റുള്ളവരെ അനാവശ്യമായി പഴിചാരുന്ന സാഹചര്യം ഇതിലൂടെ ഇല്ലാതാകും. സംഘപരിവാർ അനുകൂല സംഘടനകളാണ് ഗൗരിയുടെ കൊലപാതകത്തിനു പിന്നിലെന്ന വിധമുള്ള ആരോപണങ്ങളെ പരോക്ഷമായി പരാമർശിച്ചാണ് ഷെട്ടർ ഇക്കാര്യം ആവശ്യപ്പെട്ടത്. ഗൗരി ലങ്കേഷിനു പുറമെ മുൻ മുഖ്യമന്ത്രി ധരംസിങ്, എംഎൽഎമാരായിരുന്ന ഖമറുൽ ഇസ്ലാം, ചിക്കമാഡു, ബഹിരാകാശ ശാസ്ത്രജ്ഞൻ പ്രഫ.യു.ആർ റാവു തുടങ്ങിയവരെയും അനുശോചന പ്രമേയത്തിലൂടെ സഭ അനുസ്മരിച്ചു.